ആലപ്പുഴ: ദേശീയ പാത ഹരിപ്പാട് മാധവ ജംഗ്ഷൻ – കൃഷ്ണപുരം റീച്ച് അറ്റകുറ്റപ്പണിക്കുള്ള റീടെന്‍ഡര്‍ ആഗസ്റ്റ് 13 ന് തുറക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്താന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. അഡ്വ. യു പ്രതിഭ എം എല്‍ എ യു‌ടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹരിപ്പാട് മാധവ ജംഗ്ഷൻ – കൃഷ്ണപുരം റീച്ചിൽ2021 ഫെബ്രുവരി 19ന് നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് തുക അനുവദിച്ചത് ജൂലൈ 20നാണ്. അഞ്ചു മാസം എടുത്താണ് ദേശീയപാതാ അതോറിറ്റി തീരുമാനം എടുത്തത്.അതിനുശേഷം പൊതുമരാമത്ത് വകുപ്പ് ഒരു കാലതാമസവും നടപടിക്രമങ്ങളിൽ ഉണ്ടാക്കിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചു. ഓഗസ്റ്റ് അഞ്ചിന് ടെൻഡർ ഓപ്പൺ ചെയ്തു .എന്നാൽ ആരും  ടെൻഡറിൽ പങ്കെടുത്തില്ല. അന്നുതന്നെ റീടെണ്ടര്‍ ചെയ്തു .

ഈ റീച്ചിലെ പ്രശ്നത്തില്‍ പ്രത്യേക ഇടപെടൽ പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുണ്ട്. റോഡ് അറ്റകുറ്റപണി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020 ജൂണ്‍ എട്ടിന്  ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകി. 2021 ഫെബ്രുവരിയിൽ അറ്റകുറ്റപ്പണികൾക്ക് ഉള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ദേശീയപാത അതോറിറ്റി നിർദ്ദേശിക്കുകയായിരുന്നു. ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫെബ്രുവരി 19 ന്  ദേശീയപാത അതോറിറ്റിക്ക് വകുപ്പ് കൈമാറി.  ഇത്തരത്തില്‍19 പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് 1781 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയാണ് ഉള്ളത്.ഇതിൽ 548 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് കൈയിലുള്ളത്. ‍ 70% റോഡുകളുടെ പരിപാലന ചുമതല ദേശീയപാത അതോറിറ്റിക്കാണ്. എന്നാൽ നേരത്തെ ഇങ്ങനെയായിരുന്നില്ല. മുൻപ് സംസ്ഥാനത്തെ ദേശീയപാതകളുടെ പരിപാലനം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമായിരുന്നു. ഈ പാതകളിൽ അറ്റകുറ്റപ്പണികൾ ഉള്ള പണം സംസ്ഥാന സർക്കാരിന് ഒട്ടും സമയം എടുക്കാതെ തന്നെ ചെലവഴിക്കാനും കഴിയുമായിരുന്നു.

ദേശീയപാതകളിൽ ദേശീയപാത അതോറിറ്റി പ്രത്യേകമായി ഫണ്ട് അനുവദിച്ചാൽ മാത്രമേ പൊതുമരാമത്ത് വകുപ്പിന് പ്രവൃത്തി നടത്താനാകൂ. എൻ എച്ച് ഐ യുടെ കീഴിൽ വരുന്ന റോഡുകളുടെ മോശം അവസ്ഥ നിരവധിതവണ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു വർഷത്തിനുള്ളിൽ ഏഴു തവണയാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി കത്തയച്ചത്. പ്രശ്നത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് മന്ത്രി എന്ന നിലയിൽ കത്തയക്കുകയുംചെയ്തു.

സംസ്ഥാനത്തിന്റെ പലമേഖലകളിലും ദേശീയ പാതകളിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടക്കാത്ത വിഷയമുണ്ട് .ഇക്കാര്യത്തിൽ ശാശ്വതമായ ഒരു പരിഹാരം തന്നെയാണ് ലക്ഷ്യമിടുന്നത്.
ദേശീയപാത അതോറിറ്റിയുമായി ഇനിയും സംസാരിക്കും. കേരളത്തിന്റെ കാലാവസ്ഥ കൂടി കണക്കിലെടുത്ത് അതിന് അനുയോജ്യമായ തരത്തിൽ മൺസൂണിന് മുമ്പുതന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. എസ്റ്റിമേറ്റ് തയ്യാറാക്കാൻ അനുമതി നൽകുന്നതിലും എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിലും എൻ എച്ച് എ ഐയിൽ നിന്നുള്ള കാലതാമസം ഒഴിവാക്കുകയാണ് പ്രധാനം. ഇതിനായി ദേശീയപാതകളിൽ
കിലോമീറ്ററിന് നിശ്ചിത നിരക്ക് നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പിന് പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനം ഉണ്ടായാൽ സംസ്ഥാനത്തിന് തന്നെ അറ്റകുറ്റപ്പണികൾ നടത്താനാകുമെന്ന കാര്യം കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്.ഇത് നടപ്പിലാക്കുന്നതിനുള്ള ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.