ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യ വാഞ്ഛയും എന്ന വിഷയത്തിൽ ഓഗസ്റ്റ് 15ന് അനുസ്മരണ പരിപാടിയും പ്രഭാഷണവും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ടുപുഴ മംഗലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഹാളിൽ നടക്കുന്ന പരിപാടി സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ വിഷയാവതരണം നടത്തും.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. അജിത, ഡോ. പി.വി. സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എല്‍.മന്‍സൂര്‍, പ്രസീദ സുധീർ, ഐ – പി.ആർ.ഡി മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. ഷൈല, ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക സമിതി പ്രസിഡന്റ് കെ. രാമചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി. തിലകരാജ്, കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാൻ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്ര യോഗം പ്രസിഡന്റ് ബി. വിബിൻ, കെ.എം. ആനന്ദൻ, കെ. അനിലാൽ, ഡി. കാശിനാഥൻ, എസ്. മനോജ് , ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവര്‍ പങ്കെടുക്കും. https://www.facebook.com/DistrictInformationOfficerAlappuzha എന്ന ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജിലൂടെ തത്സമയം പരിപാടി കാണാം.

ആറാട്ടുപുഴ വേലായുധ പണിക്കർ :

1825- ൽ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്തുള്ള മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്താണ് വേലായുധ പണിക്കരുടെ ജനനം. നവോത്ഥാന-സ്വാതന്ത്ര്യചരിത്രത്തിലെ പ്രധാന ഏടുകളിൽ ഒന്നാണ് 1860 – ലെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന മൂക്കുത്തി സമരം. അവർണ്ണ സ്ത്രീകൾക്ക് സ്വര്‍ണ്ണമൂക്കുത്തി ധരിക്കാനുള്ള അവകാശം അക്കാലത്ത് ഉണ്ടായിരുന്നില്ല. ഇതിനെതിരെ 1000 മൂക്കുത്തികൾ നിര്‍മിച്ച് പന്തളത്ത് സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുകുത്തിച്ച് സ്വര്‍ണ്ണമൂക്കുത്തി അണിയിച്ചു. ആദ്യ കർഷക സമരമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അച്ചിപ്പുടവ സമരം കായംകുളത്ത് 1866- ൽ വേലായുധ പണിക്കർ സംഘടിപ്പിച്ചു. അക്കാലത്ത് മാറ് മറക്കാനുള്ള സവർണ വിഭാഗത്തിലെ സ്ത്രീകളുടെ അവകാശത്തിനെതിരെ പണിക്കർ പ്രതിഷേധിച്ചു. കർഷക സമരങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ഈഴവ സ്ത്രീകൾക്കും മാറ് മറക്കാനുള്ള അവകാശം വേലായുധ പണിക്കർ നേടിക്കൊടുത്തു.

1859 ൽ നടന്ന ഏത്താപ്പ് സമരവും അവർണ്ണ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം നേടിയെടുക്കാനായിരുന്നു. ഈ സമരത്തിലും വിജയം വേലായുധപ്പണിക്കർക്കായിരുന്നു. 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്ഥാപിച്ചു.

അവര്‍ണരെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുനിര്‍ത്തി നീതിനിഷേധിക്കുന്നതിനെതിരെ വൈക്കം ക്ഷേത്രത്തില്‍ താമസിച്ച് ക്ഷേത്രനിര്‍മാണവും ആചാരങ്ങളും പഠിച്ചു. ആറാട്ടുപുഴ മംഗലത്തു 1852 ല്‍ ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു . 1853ല്‍ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയിലും ശിവക്ഷേത്രനിര്‍മാണം അദ്ദേഹം നടത്തിയിട്ടുണ്ട്. 1874 ൽ രക്തസാക്ഷിയായി.