തൃശൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിളവെടുക്കുന്ന മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂല്യ വര്‍ധിത ഉല്‍പ്പന്ന വിപണി കീഴടക്കാനും ഒരുങ്ങുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മറ്റത്തൂരില്‍ പ്രധാനമായും കൃഷി ചെയ്യുന്നത് വാഴയാണ്. കായകള്‍ വില്‍ക്കാന്‍ കഴിയാതെയും വില ലഭ്യമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കി മാറ്റുക എന്ന ആശയത്തെ കുറിച്ച് ഒരു കൂട്ടം യുവജന കര്‍ഷക കൂട്ടായ്മ ചിന്തിച്ചത്. ഇതിനായി പാഡി കാര്‍ഷിക, കാര്‍ഷികേതര ഉല്‍പാദന സംഭരണ സംസ്‌കരണ വിപണന സംഘം രൂപീകരിച്ചു.
പാഡി അഗ്രോ എന്ന പേരിലുള്ള ഈ കര്‍ഷകരുടെ കൂട്ടായ്മ കാര്‍ഷിക ഉല്‍പാദനവും സംഭരണവും സംസ്‌കരണവുമാണ് ലക്ഷ്യമിടുന്നത്. കായപ്പൊടി നിര്‍മാണ യൂണിറ്റിനായി കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ കെ വി വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) പദ്ധതിയില്‍ സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. 10 ലക്ഷം രൂപയാണ് ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിച്ചത്. യൂണിറ്റ് സ്ഥാപിക്കുന്നതിനും യന്ത്രങ്ങള്‍ വാങ്ങുന്നതിനുമാണ് ഈ തുക. ഇത് പ്രകാരം യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയായി. കൂടാതെ യൂണിറ്റിന്റെ നടത്തിപ്പിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ട് പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുകയാണിത്. കൂടാതെ ഈ പദ്ധതിയുടെ അനുബന്ധമായി 500 മുതല്‍ 1000 കര്‍ഷകരെ ഉള്‍പ്പെടുത്തി കൊണ്ട് എഫ് പി ഒ (ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) കേന്ദ്ര സര്‍ക്കാരിന്റെ എസ് എഫ് എ സി ക്ക്(സ്‌മോള്‍ ഫാര്‍മേഴ്സ് അഗ്രികള്‍ച്ചറല്‍ കണ്‍ സോര്‍ഷ്യം) കീഴില്‍ രൂപീകരിക്കുകയും ചെയ്യും.
കായപ്പൊടി ബേബി ഫുഡ് രൂപത്തില്‍
കൊടകര ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലും വാഴ കൃഷിയാണ് പ്രധാനം. വാഴ കര്‍ഷകരുടെ ഉന്നമനത്തിനും സ്ഥിരവരുമാനത്തിനും വില നിലവാരം ഉയര്‍ത്തുന്നതിനും മൂല്യവര്‍ധനവിലൂടെ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കായപ്പൊടി നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ചെറുകായ ഇനത്തില്‍പെട്ട കണ്ണന്‍ കായ, ഏത്തക്കായ എന്നിവയില്‍ നിന്നാണ് പൗഡര്‍ ഉണ്ടാക്കുക. തൂക്ക കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാരം വര്‍ധിക്കുന്നതിന് ഫലപ്രദമാണ് ഈ പൊടി. കൂടാതെ അങ്കണവാടിയില്‍ നിന്നും നല്‍കുന്ന പോഷകാഹാര കിറ്റിലും കായപ്പൊടി ഉള്‍പ്പെടുത്തും. പ്രമേഹരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കഴിക്കാവുന്നതാണ് കായപ്പൊടി.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് ടിഷ്യൂകള്‍ച്ചര്‍ വഴി വികസിപ്പിച്ച തൈകള്‍ കുടുംബശ്രീ യൂണിറ്റിന് നല്‍കും. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കായ ഒരു നിശ്ചിത തുകക്ക് ഇവരില്‍ നിന്നും വാങ്ങിയാണ് കായയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക. ബ്ലോക്ക് പഞ്ചായത്ത് റീവോള്‍വിങ് ഫണ്ട് 5 ലക്ഷം രൂപ തൈകള്‍ക്കും വളത്തിനും കര്‍ഷകര്‍ക്ക് കായുടെ വിലയായി നല്‍കാനും ഉപയോഗിക്കും.അത്യാധുനിക നിലവാരത്തിലുള്ള മെഷിനറികള്‍ ആണ് യൂണിറ്റില്‍ സജ്ജമാക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ വിലവരുന്ന രണ്ട് ഡീ ഹൈഡ്രേറ്റഡ് ഡ്രയറുകളും സ്ലൈസര്‍ ഉണക്കിയ കായും മറ്റും പൊടിക്കാനുള്ള മെഷീന്‍ എന്നിങ്ങനെ നാല് മെഷീനുകളാണ് യൂണിറ്റിലുള്ളത്. ഒരേ സമയം 200 കിലോ കായ എട്ടു മണിക്കൂര്‍ കൊണ്ട് ഉണക്കിയെടുക്കാന്‍ ഈ മെഷീനില്‍ സാധിക്കും. ഓട്ടോമാറ്റിക് മെഷീനായതിനാല്‍ സമയം സെറ്റ് ചെയ്താല്‍ കട്ട് ഓഫ് ആവുകയും ചെയ്യുന്നു.
ഫ്‌ലേവേര്‍ഡ് ചിപ്‌സും ഉണക്കിയ പഴം പച്ചക്കറികളും പൊളിക്കും
വിപണിയിലെ വമ്പന്മാരോട് കിടപിടിക്കുന്ന വിവിധ രുചികളിലുള്ള ചിപ്‌സുകളും യൂണിറ്റില്‍ നിന്നും വിപണിയില്‍ എത്തും. പൊട്ടെറ്റൊ, ടുമാറ്റോ, ചില്ലി രുചികളില്‍ കനം കുറഞ്ഞ കായ വറുവലും മധുരമുള്ള വാനില ഫ്‌ലേവര്‍ ചിപ്‌സും യൂണിറ്റില്‍ ഉണ്ടാക്കും. കൂടാതെ തനിമ നഷ്ടപ്പെടാതെ ഉണക്കി എടുത്ത പഴങ്ങളും പച്ചക്കറികളും വിപണി കീഴടക്കും. നേരിട്ട് ചൂട് കൊടുത്തു ഉണക്കുന്ന പഴങ്ങള്‍ക്ക് നിറ വ്യത്യാസം വരുന്നതിനാല്‍ ഹൈഡ്രേറ്റ് ഡ്രയിങ് മെഷീനില്‍ ഉണക്കി പാക്ക് ചെയ്താണ് ഇവ എത്തുക. ഇപ്രകാരം ഉണക്കുന്നവ തിളച്ച വെള്ളത്തില്‍ ഇട്ടോ അല്ലെങ്കില്‍ ആവി കയറ്റിയോ ഫ്രഷ് ആക്കി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും. ഭാവിയില്‍ സാമ്പാര്‍ കിറ്റും ഇപ്രകാരം വിപണിയില്‍ ഇറക്കാന്‍ സംഘം ലക്ഷ്യമിടുന്നുണ്ട്.
ഹിറ്റാകാന്‍ ഇഞ്ചിപൊടിയും പച്ചമുളക് പൊടിയും
പാചകം എളുപ്പമാക്കാന്‍ ഇനി ഇഞ്ചിയും പച്ചമുളകും വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റാക്കി ഉപയോഗിക്കാം. ഇവ ഡ്രയറില്‍ ഉണക്കി പൊടിച്ചു പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. വെള്ളത്തില്‍ കുറുകിയാല്‍ ഇഞ്ചി പേസ്റ്റും പച്ചമുളക് പേസ്റ്റും ലഭിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. കലവറ ഈറ്റ്‌സ് എന്ന മാര്‍ക്കറ്റിങ് കമ്പനി ഈ രണ്ട് ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ തയ്യാറായി. കൂടാതെ ഹണി ബനാന എന്ന ഒരു പുതിയ ഇനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘം. പഴുത്ത പഴം ചെറുതായി അരിഞ്ഞു ഉണക്കി തേനില്‍ ഇട്ടതാണിത്. ഇത് പ്രകൃതിദത്തവും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ ഉല്‍പന്നമാണ്. വാഴ കൃഷിക്ക് ഇടയില്‍ ഇടവിള കൃഷി എന്ന രീതിയിലാണ് പച്ചമുളക്, ഇഞ്ചി എന്നീ തൈകളും കര്‍ഷകര്‍ക്ക് നല്‍കി അവരില്‍ നിന്നും വിള സ്വീകരിച്ചാണ് ഇവയും തയ്യാറാക്കുന്നത്. പാഡി അഗ്രോയില്‍ പ്രധാനമായും 360 വാഴകൃഷി കര്‍ഷകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.