കോവിഡ് സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. രാവിലെ ഒന്‍പതിന് ചടങ്ങുകള്‍ തുടങ്ങും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കും എന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണവും ഒരുക്കങ്ങളും വിലയിരുത്തിയ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
ആചാരപരമായ പരേഡ് നടത്തുമെങ്കിലും കുട്ടികള്‍, മുതിര്‍ന്ന പൗരന്മാർ , പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. മൂന്നു മുതല്‍ അഞ്ചുവരെ പ്ലാറ്റൂണുകളാണ് (പോലീസ്, എക്സൈസ്, പോലീസ് ബാന്‍ഡ് ട്രൂപ്പുകള്‍) പരേഡിനുണ്ടാകുക. ചടങ്ങിനെത്തുന്ന എല്ലാവരേയും കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കും. ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വേദിയിലും പ്രവേശന കവാടത്തിലും ഉണ്ടാകും. സമ്മാന വിതരണമോ ആദരിക്കല്‍ ചടങ്ങുകളോ ഉണ്ടാകില്ല. പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളും പ്രകൃതി സൗഹാര്‍ദമല്ലാത്ത മറ്റു വസ്തുക്കളും ഒഴിവാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
സുരക്ഷാ പരിശോധനയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, പൊലിസ് അസി. കമ്മിഷണര്‍ എ. പ്രതീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.