ഉറവിട മാലിന്യ സംസ്‌ക്കരണം ലക്ഷ്യമിട്ട് കൊണ്ടോട്ടി നഗരസഭ ആവിഷ്‌ക്കരിച്ച സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കമായി. കായിക, വഖഫ്, ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ ജനകീയ സഹകരണം ഉറപ്പാക്കണമെന്ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

മാലിന്യമുക്ത കൊണ്ടോട്ടി നഗരസഭ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതാണ് നഗരസഭയുടെ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതി. ഇതിന്റെ ഭാഗമായി ബയോ ബിന്‍, ബയോഗ്യാസ് സംവിധാനങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പദ്ധതിയിലൂടെ 4,016 കുടുംബങ്ങള്‍ക്കാണ് ജൈവ മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങളായ ബയോ ബിന്‍, ബയോ ഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നത്. 75,54,705 രൂപയാണ് സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതിക്കായി നഗരസഭ നീക്കിവെച്ചിരിക്കുന്നത്. ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി അഞ്ച് വര്‍ഷത്തിനകം കൊണ്ടോട്ടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.