ആലപ്പുഴ: അർഹരായവർക്കുള്ള മുൻഗണന റേഷൻ കാർഡുകളുടെ വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നവീകരിച്ച സപ്ലൈകോ ശബരി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
1,34,000 കാർഡുകളാണ് അനർഹരായ കാർഡ് ഉടമകൾ സർക്കാരിന് സ്വയം തിരികെ നൽകിയത്. ഇതിലൂടെ അത്ര തന്നെ അർഹർക്ക് കാർഡുകൾ ലഭ്യമാക്കാൻ സാധിക്കും. കേരളത്തിൽ പൊതു വിതരണ വകുപ്പ് മാവേലിസ്റ്റോർ, സപ്ലൈകോ ഔട്ട്ലെറ്റ്, ശബരി മെഡിക്കൽ സ്റ്റോർ തുടങ്ങി 31 വിൽപ്പന കേന്ദ്രങ്ങളാണ് വിവിധ സ്ഥലങ്ങളിലായി ഓണത്തിന് മുൻപായി പ്രവർത്തനം ആരംഭിക്കുക. റേഷൻ കാർഡ് ലഭ്യമല്ലാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകില്ല. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവിധ ഇംഗ്ലീഷ് മരുന്നുകളും ന്യായമായ വിലയ്ക്ക് ലഭ്യമാകുന്ന സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറിൽ 15 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ബി.പി.എൽ. കാർഡ് ഉടമകൾക്ക് 25 ശതമാനം വിലകുറവിലും എല്ലാ മരുന്നുകളും ലഭ്യമാക്കും.