ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ നിറവേറ്റണമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം നടത്തുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്തുതലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇന്നത്തെ തലമുറയെ മുന്‍നിറുത്തി മാത്രമല്ല ഭാവികൂടി കണക്കിലെടുത്തുള്ള പദ്ധതികളാണ് വിഭാവനം ചെയ്യേണ്ടത്.
പദ്ധതി വിനിയോഗത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച കൊല്ലം കോര്‍പ്പറേഷനും 94 ശതമാനം കാഴ്ചവച്ച മറ്റു തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലയെ സംസ്ഥാന തലത്തില്‍ മുന്നിലെത്തിച്ചത് ശ്രദ്ധേയമായി. ഇതേ മാതൃക ഇക്കൊല്ലവും നിലനിറുത്താനാകണം. സ്പില്‍ഓവര്‍ പ്രവൃത്തികള്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കാതിരിക്കാനാണ് തീരുമാനം. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.
സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്. തടസങ്ങള്‍നീക്കി മുന്നോട്ട് പോകുന്ന സമീപനമാണ് എല്ലാ തലത്തിലും ഉണ്ടാകേണ്ടത്. നികുതി സമാഹരണത്തില്‍ മികച്ച നേട്ടം കൈവരിക്കുവാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. 29 തദ്ദേശഭരണ സ്ഥാപനങ്ങള്‍ നൂറ് ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു.
ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ഏതെങ്കിലും കാരണത്താല്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ തടസം നീക്കി ഉള്‍ക്കൊള്ളിക്കാനായി ശ്രമം നടത്തണം. നാലായിരം കോടി രൂപയാണ് ഈ ഘട്ടത്തില്‍ ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്. യൂണിറ്റ് ഒന്നിന് നാലു ലക്ഷം രൂപ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്.
പട്ടികവര്‍ഗക്കാര്‍ കുറവുള്ള 43 തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുണ്ടാകും. മരാമത്ത് പ്രവൃത്തികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുന്നതിലെ പരിമിതിയും മറികടക്കാനാണ് ശ്രമം. പഞ്ചായത്തിന് ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ വീതം നല്‍കുന്നതും പരിഗണനയിലാണ്.
പാലിയേറ്റീവ് കെയര്‍ പരിപാടിയുടെ നിര്‍വഹണത്തിന് സോഫ്റ്റ്‌വെയര്‍ സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വിവിധ പദ്ധതികളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിന് അനുയോജ്യമാം വിധം ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കും.
ജില്ലയില്‍ ഇക്കൊല്ലം 9748 പദ്ധതികളുടെ പരിശോധന പൂര്‍ത്തിയായി. 4217 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി കഴിഞ്ഞു. 3629 പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയിട്ടുമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 21.57 ശതമാനം നിര്‍വഹണ പുരോഗതിയാണുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.
സി.എസ്.ഐ കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷത വഹിച്ചു.മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപന ഭാരവാഹികള്‍ക്ക് മന്ത്രി കെ. ടി. ജലീല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു