ജില്ലയില്‍ ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ഇടുക്കി ജില്ലാ രൂപീകൃതമായതിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ചും മുന്നാറില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ചെറുതോണിയിലെത്തിയ സൈക്കിള്‍ റാലി സംഘത്തിന് ആശംസകള്‍ അര്‍പ്പിച്ചു ജില്ലാ ഭരണകൂടം. മുന്നാറില്‍ നിന്നും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി ഫ്‌ലാഗ് ഓഫ് ചെയ്ത സംഘത്തിന് ചെറുതോണി ഡാമിന്റെ അടുത്ത് സൈന്‍ഓഫ് നല്‍കി. ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍, ഇടുക്കി സബ് കളക്ടര്‍ വിഷ്ണുരാജ് പി, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ തുടങ്ങിയവര്‍ സൈക്കിള്‍ റാലിയില്‍ പങ്കാളികളായി.

രാവിലെ 11.30 യ്ക്ക് ആരംഭിച്ച സൈക്കിള്‍ റാലി വൈകിട്ട് 5.30 യോടെയാണ് ചെറുതോണിയില്‍ എത്തിയത്. ടൂറിസം വികസനത്തിലൂടെ ജില്ലയുടെ സൗന്ദര്യം നിലനിര്‍ത്തണം. ഉത്തരവാദിത്വ ടൂറിസത്തിലൂടെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.