ലൈഫ് ഭവന പദ്ധതി പ്രകാരം പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മടക്കാംപൊയിലില്‍ നിര്‍മ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി നളിനി നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകളാണ് സിഡിഎസിന്റെ നേതൃത്തില്‍ പൂര്‍ണ്ണമായും സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്നത്.
മേഴ്സണ്‍ ട്രെയിനിങ്ങിന്റെ ഭാഗമായി 53 ദിവസം പരിശീലനം ലഭിക്കുന്ന വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നാലു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് കുടുംബശ്രീ രണ്ടു വീടുകള്‍ നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഇതിന് തുക കണ്ടെത്തിയത്. ഓള്‍ക്ക് വീടുവെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലേക്ക് പ്രതീക്ഷിച്ചതിലധികം സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ രണ്ടു വീടുകള്‍ നിര്‍മ്മിക്കാന്‍ സിഡിഎസ് തയ്യാറെടുക്കുകയായിരുന്നു.
13 ാം വാര്‍ഡിലെയും 3 ാം വാര്‍ഡിലെയും ഓരോ അംഗങ്ങള്‍ക്കാണ് സിഡിഎസ് സ്നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. 35 അംഗങ്ങളാണ് നിര്‍മ്മാണ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. സ്നേഹഭവനത്തിനു പുറമെ പഞ്ചായത്ത് പരിധിയിലെ ലൈഫ് ഭവന പദ്ധതിയില്‍പ്പെടുന്ന വീടുകളുടെ നിര്‍മ്മാണവും പരിശീലനം ലഭിച്ച അംഗങ്ങള്‍ തന്നെയാണ് നടത്തുക.
ആലപ്പുഴയിലെ എക്‌സാത്ത് എന്ന കുടുംബശ്രീ മിഷന്റെ നിര്‍മ്മാണ മേഖലയിലെ അംഗീകൃത ഏജന്‍സിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലാമിഷന്‍ നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓരോ ബ്ലോക്കിലും രണ്ടു വീതവും നഗരസഭകളില്‍ ഒന്നു വീതവും ആകെ 32 നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനാണ് ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്. ആഗസ്ത്, സെപ്തംബര്‍ അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാവും. 30 പേര്‍ വീതമുള്ള ഓരോ പരിശീലന ബാച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബാച്ചിന്റെയും 53 ദിവസ പരിശീലനം അവസാനിക്കുന്നതോടെ അതത് തദ്ദേശസ്ഥാപനത്തിലെ ഓരോ ലൈഫ് ഗുണഭോക്താവിന്റെയും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോ കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും ദിവസ വേതനമായി 200 രൂപയും യഥാര്‍ഥ യാത്രാചെലവും കുടുംബശ്രീ മിഷന്‍ ലഭ്യമാക്കും. നിര്‍മ്മാണ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മാന്യമായ തൊഴിലും വരുമാനവും നേടാന്‍ കഴിയുന്ന ഒരുപ്രധാന ജീവനോപാധിയായി വികസിപ്പിക്കുക എന്നതാണ് ഈ മേഖലയിലെ വേറിട്ട ഇടപെടല്‍ വഴി കുടുംബശ്രീ മിഷന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സിമന്റ് ബ്രിക്‌സ്, ഹോളോബ്രിക്‌സ്, സിമന്റ് കട്ടിള, ജനല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന സംരംഭ യൂണിറ്റുകളും ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു തുടങ്ങി. ഇത്തരത്തിലുള്ള 40 സംരംഭ യൂണിറ്റുകള്‍ ഒക്‌ടോബര്‍ അവസാനത്തോടെ ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാകും.
മടക്കാംപൊയിലില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രകാശന്‍ അദ്ധ്യക്ഷയായി. ജില്ലാ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. മേഴ്സണ്‍ ഗ്രൂപ്പിന്റെ ട്രെയിനിങ്ങ് ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജനാര്‍ദ്ദനന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാഗോപി, പഞ്ചായത്തംഗം കെ രുഗ്മിണി, പഞ്ചായത്ത് സെക്രട്ടറി പി.വി.കെ മഞ്ജുഷ, വി.ഇ.ഒ എം അരുണ്‍കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി വാസു പ്രദീപ്, പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.വി തമ്പാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ കമലാക്ഷന്‍, എം ഉമ്മര്‍, ഇബ്രാഹിം പൂമംഗലോരകത്ത്, എം,കെ മുരളി, കെ.വി വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി എന്‍.വി കുഞ്ഞിരാമന്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ.പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ.വി സ്മിത സ്വാഗതം പറഞ്ഞു.