എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തങ്കമണി സഹകരണ ബാങ്ക് ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റിന്റെയും കര്‍ഷക ദിനചാരണത്തിന്റെയും ഓണം പച്ചക്കറി വിപണികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശ്രയം കൃഷി മാത്രമായിരുന്നു. ആഭ്യന്തര ഉത്പാദന വര്‍ധനവിന് ഇത് കാരണമായി. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ഇതിന് മുന്‍ഗണന നല്‍കും. കൂടാതെ കാര്‍ഷിക മേഖലയ്ക്കാവശ്യമായ ജലസേചനത്തിന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യും. ഉല്‍പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളും ന്യായമായ വിലയ്ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കണം. വൈദ്യുതി, കൃഷി, സഹകരണം എന്നീ വകുപ്പുകള്‍ സംയുകതമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ 5 പദ്ധതികളിലൊന്ന് കാമാക്ഷി പഞ്ചായത്തിലാണ് ആരംഭിക്കുന്നത്. എല്ലാ സാധനങ്ങളും ഒറ്റ കുട കീഴിലാക്കുകയാണ് സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് പറഞ്ഞു.ചടങ്ങില്‍ മികച്ച കര്‍ഷകന്‍ മാനുവല്‍ കൊല്ലംപറമ്പില്‍, വനിതാ കര്‍ഷക ശോശാമ്മ കടപ്ലാക്കല്‍, എസി/എസ്ടി കര്‍ഷകന്‍ സുരേന്ദ്രന്‍ ആലുംപരപ്പേല്‍, കര്‍ഷക തൊഴിലാളി തങ്കച്ചന്‍ പാണ്ടിയാംപറമ്പില്‍, ക്ഷീര കര്‍ഷകന്‍ ബിജു കൊച്ചുപുരക്കല്‍, മത്സ്യ കര്‍ഷകന്‍ ഷാജി താന്നിയ്ക്കാപ്പാറ എന്നിവരെ മന്ത്രി ആദരിച്ചു.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് (കോ-ഓപ്മാര്‍ട്ട്) തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ അങ്കണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്തുടനീളമുള്ള വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ആദ്യമായി അനുവദിച്ച സൂപ്പര്‍മാര്‍ക്കറ്റാണ് തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിക്കുന്നത്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളിലേതുപോലെ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ എല്ലാ ഉല്‍പ്പന്നങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന വിധത്തിലാണിവിടെ ക്രമീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു . ആദ്യവില്പന നിര്‍വഹിക്കും.സഹകരണ സംഘം ജോയിന്റ് രജിസ്റ്റ്ട്രാര്‍ വി.ജി ദിനേശ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി സുനീഷ് കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.