ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കയ്യൊപ്പ് ചാലിച്ച് ജില്ലയില്‍ നിന്നുള്ള പത്ത് കലാകാരന്മാരും. സമകാലിക കലയെ ജനജീവിതവുമായി കോര്‍ത്തിണക്കി വ്യത്യസ്തങ്ങളായ ശില്‍പങ്ങള്‍, കളിമണ്ണ്, ഫൈബര്‍ ഗ്ലാസ് എന്നിവയില്‍ നിര്‍മിച്ചു വ്യത്യസ്തനാകുകയാണ് കെ. രഘുനാഥന്‍. 45 വര്‍ഷമായി ശില്‍പകലാ രംഗത്തു പ്രവര്‍ത്തിക്കുന്ന രഘുനാഥന്‍ ഹാസ്യ രീതിയിലാണ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ശില്‍പങ്ങളില്‍ നിറങ്ങള്‍ ചാലിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം നിറങ്ങള്‍ ചാലിക്കാന്‍ എളുപ്പമുള്ള ഫൈബര്‍ ഗ്ലാസ്സിലാണ് കൂടുതലും ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടനയെ സമകാലിക രാഷ്ട്രീയ പ്രതിബിംബവുമായി ബന്ധപ്പെടുത്തിയാണ് ആലപ്പുഴ സ്വദേശി വി. എസ്. ബ്ലോഡ്സൊ കലാപ്രദര്‍ശന വേദിയില്‍ എത്തിയിട്ടുള്ളത്. 19 തൂണുകളില്‍ വാ മൂടികെട്ടിയ മനുഷ്യ മുഖങ്ങള്‍ 2005 മുതല്‍ ബ്ലോഡ്സൊയുടെ മനസ്സിലുള്ള ആശയമായിരുന്നു. പഴയ കാലം, സ്വാതന്ത്ര്യം, നിയമങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

കേര വൃക്ഷത്തിന്റെ തനതായ ഒരു ഇടപെടല്‍ കേരളത്തിന്റെ സംസ്‌കാര വികസനത്തിലുണ്ട്. ഈ സംസ്‌കാരത്തെ തന്റെ ക്യാമറ കണ്ണിലൂടെ പകര്‍ത്തി ലോക ശ്രദ്ധ നേടുകയാണ് കാജല്‍ ദത്ത് എന്ന കലാകാരി. പ്രളയത്തെ അതിജീവിച്ച വ്യക്തികളുടെ ചിത്രങ്ങളും പ്രളയം വിഴുങ്ങിയ കുട്ടനാടന്‍ പാടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകളും കാജല്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴയിലെ ആളുകളെയും സ്ഥലങ്ങളെയും ചിത്രീകരിക്കുന്ന സുനില്‍ ലൈനസ് ഡേയുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇവരടക്കം ആലപ്പുഴയില്‍ നിന്നുള്ള പത്തോളം കലാകാരന്മാരാണ് ലോകമേ തറവാട് കലാ പ്രദര്‍ശനത്തില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുള്ളത്.