ജില്ലയിൽ കോവിഡ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള വാക്സിനേഷൻ വിവരങ്ങൾ നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. 60 വയസ്സിന് മുകളിലുള്ള വാക്സിനേഷൻ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ. രാജൻ പറഞ്ഞു. കോവിഡ് ബാധിതരും, അലർജി പോലുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളവരും ഒഴികെയുള്ള വർക്ക് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. വാക്സിനേഷന് വിസമ്മതിക്കുന്നവരെ ബോധവത്കരിച്ച് വാക്സിൻ നൽകാനും തീരുമാനിച്ചു.
വാക്സിൻ ലഭ്യത വർധിച്ചാൽ സ്വകാര്യ ആശുപത്രികളെ കൂടി ഉപയോഗപ്പെടുത്തി വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെയും ഓൺലൈൻ യോഗം ആഗസ്റ്റ് 31ന് വൈകീട്ട് നാല് മണിക്ക് ചേരും. സെൻട്രൽ വെയർ ഹൗസിങ് കോർപറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വാക്സിൻ കാരിയർ വാഹനം വാങ്ങുന്നതിനുള്ള നിർദേശം അംഗീകരിച്ചു. വലിയ മൈതാനങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ കളികൾ അനുവദിക്കണമെന്ന ആവശ്യത്തിൻമേൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി സ്വീകരിക്കും. കോവിഡ് നിയന്ത്രണ ലംഘനം പരിശോധിക്കുന്ന സെക്ടറൽ മജിസ്ട്രേറ്റുമാരുടെ യോഗം 15 ദിവസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. കണ്ടെയൻമെന്റ് സോണുകളിൽ പോലീസിന്റെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി ബി രാജീവ് പറഞ്ഞു. എ.ഡി.എം എ.കെ. രമേന്ദ്രൻ, കോർ കമ്മിറ്റിയംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.