ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട ഇടപെടലുകള്‍ നടത്തി മുന്നേറുന്ന പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്തില്‍ രണ്ടിടങ്ങളിലായി ഒന്നര ഏക്കര്‍ സ്ഥലത്തിലാണ് ഹരിതകര്‍മ്മ സേന കൃഷിയിറക്കിയത്. വെണ്ട, പയര്‍, മധുരക്കിഴങ്ങ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും, നമ്മുടെ നാട്ടില്‍ അധികം പ്രചാരമില്ലാത്ത ചെണ്ടുമല്ലി കൃഷിയും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ട്. ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനു വേണ്ടി നടത്തിയ സംരംഭത്തിന് വലിയ സ്വീകാര്യതയാണ്. വിളവെടുപ്പിന്റെ ഉദ്ഘാടനം മലര്‍വാടി ഹരിതകര്‍മ്മസേന ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൃഷി വിളവെടുത്തുകൊണ്ട് പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന് നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന് പച്ചക്കറികള്‍ നല്‍കിക്കൊണ്ട് വാര്‍ഡ് മെമ്പര്‍ എ. ഷീബ നിര്‍വ്വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ പ്രമോദ് കുമാര്‍, ഹരിത കേരളം മിഷന് ആര്.പി അഭിരാജ് എ.പി., ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
