ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിന് അര്‍ഹതയുള്ള ജില്ലയിലെ മുഹമ്മ, കുട്ടനാട്, കായംകുളം എന്നീ ഉള്‍നാടന്‍ മത്സ്യ ഗ്രാമങ്ങളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികളുടെ കുടുംബളുടെ പട്ടിക അരൂര്‍, തേവര്‍വട്ടം, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കായംകുളം, മാന്നാര്‍ എന്നീ മത്സ്യഭവനുകളില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. അര്‍ഹതയുള്ള ഏതെങ്കിലും മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി കുടുംബത്തിന്റെ പേര് പട്ടികയില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ മതിയായ രേഖകള്‍ ഹാജരാക്കി അറിയിക്കേണ്ടതും കിറ്റ് പട്ടികയില്‍ പേര് ഉള്‍പ്പെട്ടതായി ഉറപ്പാക്കേണ്ടതുമാണ്.
ഭക്ഷ്യകിറ്റ് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ മത്സ്യഭവന്‍ തലത്തില്‍ തന്നെ പരിഹരിക്കും. ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഫിംസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളി/ അനുബന്ധ തൊഴിലാളി കുടുബങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. റേഷന്‍ കടകള്‍ വഴിയാണ് കിറ്റ് വിതരണം. ഫിംസില്‍ രജിസ്റ്റര്‍ ചെയ്യാത്ത മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളികള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും പകര്‍പ്പുകള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസറുടെ പരിശോധനക്കായി നല്‍കേണ്ടതുമാണ്.

ജില്ലയില്‍ ഫിംസ് ഡാറ്റ 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന് എല്ലാ മത്സ്യതൊഴിലാളികളും സഹകരിക്കണം. പെന്‍ഷന്‍കാര്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റിന് നിലവില്‍ അര്‍ഹരല്ല. എങ്കിലും ഫിംസില്‍ രജിസ്റ്റര്‍ ചെയ്യാത്ത പെന്‍ഷന്‍കാര്‍ രേഖകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം.