കൊച്ചി:കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷൻ സോൺ രണ്ടാം ഘട്ട നിർമ്മാണം അവസാന ഘട്ടത്തിൽ
സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോണിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. വ്യവസായ സംരംഭകർക്ക് സ്റ്റാർട്ട് അപുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ആണ് സോൺ വഴി ഒരുക്കുന്നത്.
കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്താണ് ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിൻ്റെ ആദ്യ കെട്ടിടത്തിൻ്റെ നിർമ്മാണമാണ് പൂർത്തിയായത്.
വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വിവിധ ആശയങ്ങൾ നൽകുന്നതു വരെ ഇവിടെ സാധ്യമാണ്. ഒരു വ്യവസായം ആരംഭിച്ച് വിജയിപ്പിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ, ആരംഭിക്കാനുള്ള സഹായങ്ങൾ, മറ്റ് സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള സഹായങ്ങൾ എന്നിവക്കുള്ള വൺ സ്റ്റോപ്പ് ഷോപ്പായാണ് പദ്ധതി നടപ്പാക്കുന്നത്.
യുവജനങ്ങളായ കണ്ടുപിടുത്തക്കാരുടെയും സംരംഭകരുടെയും താൽപ്പര്യങ്ങളും നിറവേറ്റുന്ന ഒരു സ്വയംപര്യാപ്തമായ ആവാസവ്യവസ്ഥയായി ഇത് പ്രവർത്തിക്കും.
അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സോണിൻ്റെ നിർമ്മാണം. വ്യത്യസ്ത ഘട്ടങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത്. നിലവിൽ 2.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സ്, ബയോടെക്നോളജി ഇൻകുബേഷൻ സെന്റർ (ബിടിഐസി) എന്നീ രണ്ട് കെട്ടിടങ്ങളുമായാണ് ഘട്ടം ഒന്ന് പ്രവർത്തിക്കുന്നത്. കെ.എസ്.യു.എംൻ്റ കീഴിലുള്ള മൂന്ന് ഇൻകുബേറ്ററുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻ്റ് മാനേജ്മെൻ്റു
മായി ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഇൻകുബേറ്റർ , കേരള സ്റ്റാർട്ടപ്പ് മിഷൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി (ആർജിസിബി) സഹകരിച്ച് ഡിബിടിയുടെ പിന്തുണയോടെ സ്ഥാപിക്കുന്ന ബയോടെക് ഇൻകുബേറ്റർ എന്നിവയാണ് നിലവിലുള്ളത്.
മൂന്ന് കെട്ടിടങ്ങളിലായി 3.40 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ടാം ഘട്ട വികസനം പുരോഗമിക്കുകയാണ്. 215.26 കോടി കിഫ്ബിയുടെ സഹായത്തോടെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചു. കേരള സംസ്ഥാന
ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ സഹകരണവും പദ്ധതിക്കുണ്ട്. സോണിനുള്ളിൽ 1.2 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടം മൂന്നിൻ്റെ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി 2016 ൽ കെ.എസ്.യു.എം സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. പുതിയ തലമുറ സംരംഭകർക്കായി ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന ഇൻകുബേറ്ററുകൾക്കും ഉയർന്നു വരുന്ന കമ്പനികൾക്കും ഈ സ്ഥലം അനുവദിക്കും. 2018 ഓഗസ്റ്റ് 1 -ന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മൊത്തം 2 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിംഗ് എ, വിംഗ് ബി എന്നിവ അടങ്ങുന്നതാണ് കെട്ടിടം. മുഴുവൻ സൗകര്യവും അന്തർദേശീയ
ഉൽപ്പന്നങ്ങളുടെ ലോഞ്ച് പാഡുകൾ, ഇൻകുബേറ്റർ/ആക്സിലറേറ്റർ സ്പേസ്, 500 ആളുകളെ ഉൾക്കൊള്ളിക്കാവുന്ന തിയേറ്റർ, ഓഫീസ് ഇടങ്ങൾ, പരിശീലന കേന്ദ്രം, സ്റ്റുഡിയോ, കോൺഫറൻസ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയും ഹബ്ബിലുണ്ട്. വിപുലീകരണത്തിലൂടെ 2000 ലധികം വ്യക്തികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.