സംസ്ഥാനത്ത് നിന്ന് സ്ത്രീധനം എന്ന വിപത്തിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി എതിര്‍ക്കാമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും തുടങ്ങുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളെയും യുവജന സംഘടനകളെയും പങ്കാളികളാക്കണം. ആവശ്യമായ വിദ്യാഭ്യാസം നല്‍കി പെണ്‍കുട്ടികളെ സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അധ്യക്ഷയായി. എം. സബിതാബീഗം വിഷയാവതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി. ആര്‍. അജു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ജി. അരുണ്‍കുമാര്‍, ശ്യാം, പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ബീമ തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാ കമ്മിഷന്‍ അംഗം എം. എസ്. താര ഓണ്‍ലൈനായി പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പരിപാടിയില്‍ 40 പേരും 500ലധികം പേര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
