കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ആരംഭിച്ചു. ആദ്യഘട്ടമായി വൈപ്പിൻ ഗവ.കോളജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ബോധവൽക്കരണം പ്രിൻസിപ്പാൾ പ്രൊഫ. മേരി ബെസ്സി ഉദ്ഘാടനം ചെയ്തു.
“അഡിക്ഷൻ ” എന്ന വിഷയത്തിൽ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് വിദ്യാർത്ഥികളുമായി മുഖാമുഖം നടത്തി. പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണ വെബിനാറുകൾ നടത്തും. നിലവിൽ ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ബോധവൽക്കരണ പ്രചാരണം ആദ്യഘട്ടം പൂർത്തിയായി. ഓരോ താലൂക്കുകളിലേയും തിരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പ്രചാരണം നടത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എൻ.അശോക് കുമാർ, വിമുക്തി ലഹരി വർജന മിഷൻ ജില്ലാ മാനേജർ ജി.സുരേഷ്കുമാർ, ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ എന്നിവരാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.