ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ സ്‌കോച്ച് അവാര്‍ഡ് കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഡോസ് കേരള വെബ് ആപ്പിന് ലഭിച്ചു.  സ്മാര്‍ട്ട് ഗവേണന്‍സ്, ഫിനാന്‍സ്, ബാങ്കിംഗ്, ടെക്‌നോളജി, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃകകള്‍ക്കാണ് സ്‌കോച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.  സ്മാര്‍ട്ട് ഗവേണന്‍സ് വിഭാഗത്തിലെ രണ്ട് അവാര്‍ഡുകളാണ് ഡോസ് കേരളയ്ക്ക് ലഭിച്ചത്.  ന്യൂഡെല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ജൂണ്‍ 21 മുതല്‍ 22 വരെ നടന്ന 52-ാമത് സ്‌കോച്ച് ഉച്ചകോടിയില്‍ വച്ച് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഐ.ടി നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
വി.എച്ച്.എസ്.ഇ വകുപ്പിലെ 2017-18 ലെ വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്ന ജോബ് ട്രയിന് പദ്ധതി പ്രകാരം കേരളത്തിലെ 60000 വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ ദ ജോബ് പരിശീലനത്തിന്റെ നടത്തിപ്പ്, ഫണ്ട് അനുവദിക്കല്‍, ഫണ്ട് വിനിയോഗം, മോണിറ്ററിംഗ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം എന്നിവ ഓണ്‍ലൈന്‍ വഴി നടപ്പാക്കുന്നതിന് വേണ്ടി വകുപ്പ് സ്വന്തമായി വികസിപ്പിച്ച വെബ് ആപ്പ് ആണ് ഡോസ് കേരള.  കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വി.എച്ച്.എസ്.ഇയിലെ ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യ കടലാസുകള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നതിനുള്ള മൊഡ്യൂള്‍, വി.എച്ച്.എസ്.ഇ.യിലെ വിവിധ സ്‌കൂളുകള്‍, ഓഫീസുകള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഇലക്‌ട്രോണിക് ഡാറ്റാബേസ്, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ട്രാന്‍സ്ഫര്‍, പരീക്ഷാഫലം, റിസള്‍ട്ട് വിശകലനം, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മൊഡ്യൂളുകള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഡോസ് കേരള വികസിപ്പിച്ചെടുത്തത്.  ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷീബ എസ്, ഗീത ടി.കെ, മിനി ഇ ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ നടരാജന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വി.എച്ച്,എസ്.ഇ വകുപ്പിലെ ഐ.ടി. നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍, സുല്‍ത്താന്‍ബത്തേരി വി.എച്ച്.എസ് സ്‌കൂളിലെ വൊക്കേഷണല്‍ അധ്യാപിക ബേബി വിജിലിന്‍ എന്നിവരാണ് ഡോസ് കേരളയ്ക്ക് സാക്ഷാത്കാരം നല്‍കിയത്.
പി.എന്‍.എക്‌സ്.2647/18