സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വൈകുന്നത് കരാറുകാര്‍ ഒഴിവാക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ടെന്‍ഡറായ ശേഷവും കരാറുകാരുടെ അലംഭാവം മൂലം നിര്‍മാണം തുടങ്ങാനാകാത്ത സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് എം.എല്‍.എയുടെ പ്രാദേശിക വികസന നിധി പ്രവൃത്തി അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ടാറിങ് പൂര്‍ത്തീകരിക്കാത്ത റോഡുകളില്‍ മഴ മാറിയ ശേഷം പ്രവൃത്തികള്‍ തുടരാമെന്ന് ചില കരാറുകാര്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സമയം നല്‍കാമെങ്കിലും തുടര്‍ന്നും അലംഭാവം തുടര്‍ന്നാല്‍ അത്തരം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരെ അവലോകന യോഗത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, എഡിസി (ജനറല്‍) നിഫി എസ്.ഹഖ്, ബി.ഡി.ഒ ഡോ. അനുപം എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനിയറിങ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.