കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്വകാര്യ ചരിത്രരേഖാ സര്‍വ്വേ എല്ലാം ജില്ലകളിലും ആരംഭിച്ചതായി പൂരാരേഖ പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ആര്‍ക്കൈവ്‌സ് വകുപ്പ് പുറത്തിറക്കുന്ന ‘ചരിത്രാന്വേഷണത്തിന്റെ നേര്‍ക്കാഴ്ച’ എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആര്‍ക്കൈവ്‌സ് വകുപ്പിന്റെ വളര്‍ച്ചയുടെ ശരിയായ അളവ് കോല്‍ വകുപ്പ് സ്വായത്തമാക്കുന്ന രേഖകളാണ്. ഏതൊരു ആര്‍ക്കൈവ്‌സിന്റെയും പ്രധാന കര്‍ത്തവ്യം ചരിത്രമൂല്യമുള്ള രേഖകള്‍ നഷ്ടപ്പെടാതെ എത്രയും വേഗം കണ്ടെത്തി ശരിയായ ഭരണനിര്‍വഹണം, സംരക്ഷണം എന്നിവയ്ക്ക് വിധേയമാക്കുക എന്നതാണ്.
കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ രേഖകള്‍ സ്വായത്തമാക്കുന്നതിന് കേരളത്തിലെ ആരാധനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു. 70,000 വോളന്റിയര്‍മാരാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡോക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചലച്ചിത്രതാരം ഇന്ദ്രന്‍സ് നിര്‍വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെ മന്ത്രി പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. ചരിത്രരേഖകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് വകുപ്പ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. നൂറനാട് രാമചന്ദ്രനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.