കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 26, 27, 28 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണം. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവയ്ക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കാൻ തയാറാകണം. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും എ.ഡി.എം. അറിയിച്ചു.
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
ഓഗസ്റ്റ് 26 മുതൽ 30 വരെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗതയിലും 28 വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും എ.ഡി.എം. അറിയിച്ചു.