വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളിനു സമീപം നിയന്ത്രണം വിട്ട് മൺകൂനയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന് ദേശീയ ദുരന്ത നിവാരണ സേന തുണയായി. കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ന് മാനന്തവാടിയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന KL 12 F 4893 നമ്പർ മാരുതി 800 കാർ ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളിൽ ക്യാമ്പ് ചെയ്തിരുന്ന എൻ.ഡി.ആർ.എഫ് സേനയാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തി കാറിലെ യാത്രക്കാരെ പുറത്ത് എത്തിച്ചത്. തുടർന്ന് റോപ് റെസ്ക്യൂ ടെക്‌നിക്ക് ഉപയോഗിച്ച് വാഹനവും റോഡിൽ എത്തിച്ചു. പരിക്കേറ്റവർക്ക് എൻ.ഡി.ആർ.എഫ് സേന പ്രാഥമിക ചികിത്സ നൽകിയ ശേഷം അവരെ വൈത്തിരി ഹോസ്പിറ്റലിൽ എത്തിച്ചു. മാനന്തവാടി സ്വദേശികളായ വിനോദ്, അൽഫാസ്, നന്ദലാൽ, റിനാസ്, വിവേക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ച്ചാർജ് ചെയ്തു.
എൻ.ഡി.ആർ.എഫ് ടീം കമാൻഡർ പുഷ്‌പേന്ദ്ര കുമാർ പ്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
