കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതുകൊണ്ട് ജില്ലയും കര്‍ശന നടപടികളിലേക്ക് കടക്കുകയാണെന്നും ഡബ്ലു ഐ പി ആര്‍ നിരക്ക് കൂടിയ വാര്‍ഡുകളിലെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലെയും പ്രവേശന കവാടങ്ങളില്‍ ശ്കതമായ നീരിക്ഷണം തുടരുമെന്നും. ഇക്കാര്യം പോലീസ് കര്‍ശനമായി പാലിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ രോഗപരിശോധനയും വാക്‌സിനേഷനും കൂടുതല്‍ ശക്തമാക്കും. ഓണക്കാലത്തിനുശേഷം രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. എന്നാല്‍ സി.എഫ്.എല്‍.റ്റി.സിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുമുണ്ട്. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വരും ദിവസങ്ങളില്‍ വര്‍ധന ഉണ്ടായേക്കാം. ഇതിനനുസരിച്ച് കിടക്ക സൗകര്യം, ഓക്‌സിജന്‍ കിടക്കള്‍, ഐ.സി.യു എന്നിവ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണാണ്. ഇത് കര്‍ശനമായി നടപ്പാക്കും. 70 വയസിനുമേല്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടിയിട്ടുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കും. ഈ പ്രായക്കാര്‍ക്കിടയില്‍ കോവിഡ് ബാധ മൂലം മരണം കൂടുന്നത് കണക്കിലെടുത്താണ് ഈ നടപടി.