ആലപ്പുഴ: കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ തയാറാക്കാൻ അഞ്ചംഗ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ച് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ എ. അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ കൂടിയ കോവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ജില്ലാ വികസന കമ്മീഷണർ കെ.എസ്. അഞ്ജു, പഞ്ചായത്ത് ഉപഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പോൾ ജോസഫ്, ഡോ. ഹരി, ഡോ. ജിതിൻ, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ എന്നീ ഉദ്യോഗസ്ഥരെയാണ് ഇതിനായി കളക്ടർ ചുമതലപ്പെടുത്തിയത്.

വാക്സിനേഷൻ പൂർത്തീകരണം, കോവിഡ് പ്രതിരോധത്തിൽ സമൂഹത്തിന്റെ ഉത്തരവാദിത്തം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ, നിയന്ത്രിത മേഖലകളിലെ കൂടുതൽ നടപടികൾ, വിവര വിശകലനം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് മാർഗനിർദ്ദേശങ്ങൾ തയാറാക്കാനാണ് നിർദ്ദേശം. രണ്ട് ദിവസത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങളുടെ കരട് രേഖ തയാറാക്കാനും കളക്ടർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുമാണ് തീരുമാനം.

ബാങ്കുകൾ, കടകൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പുതിയ മാനദണ്ഡങ്ങൾ അനിവാര്യമാണ്. പുതിയ മാർഗനിർദേശങ്ങൾ വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്നും കളക്ടർ പറഞ്ഞു.

രോഗവ്യാപനം തടയുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമായി മാറണം. രണ്ട് മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നൽകും. വീടുകളിൽ നിന്നാണ് കോവിഡ് വ്യാപനം കൂടുതലുള്ളത്. ഹോം ഐസൊലേഷൻ പലരും പാലിക്കുന്നില്ല. ഹോം ഐസലേഷൻ നിർബന്ധമായും പാലിക്കപ്പെടാനായി വ്യാപകമായ ബോധവൽക്കരണം നടത്തും. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും പൊതുജന സമ്പർക്കം കുറയ്ക്കുന്നതിന് കൂടുതൽ ഇടപെടൽ നടത്താനും തീരുമാനിച്ചു. യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.