കേരള കലാമണ്ഡലം കല്പിത സർവകലാശാലയെ അഞ്ചു വർഷം കൊണ്ട് സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന കലാ പുരസ്കാര വിതരണവും കലാമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി.
സാംസ്കാരിക സർവകലാശാലയാക്കുന്നതിന് കലാമണ്ഡലത്തിലെ സ്ഥലപരിമിതി മറികടക്കാനായി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ കോഴ്സുകളും പഠന സംവിധാനങ്ങളും ഉൾപ്പെടുത്തി കലാമണ്ഡലത്തെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭ്രാന്തമായ അനാചാരങ്ങളും സമാധാനം കെടുത്തുന്ന പ്രവണതകളും മാറ്റാൻ ബോധപൂർവ്വം കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ദൈവത്തിൻ്റെ പേരിൽ വെടിയുതിർക്കുന്ന ഈ കാലഘട്ടത്തിൽ കലയെ പ്രോത്സാഹിപ്പിക്കുന്നതും കലാരൂപങ്ങൾ അന്യം നിന്നുപോകാതെ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. കലാകാരന്മാരുടെ സംരക്ഷണം സർക്കാരിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിൻ്റെ ഭാഗമായാണ് കഷ്ടത അനുഭവിക്കുന്ന കലാകാരന്മാർക്ക് കൈതാങ്ങാകുന്നതിന് സംസ്ഥാന സർക്കാർ മഴമിഴി പദ്ധതി നടത്തി വരുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലാകാരന്മാരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നമ്മുടെ കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം, നൃത്തക്കളരി ശിലാസ്ഥാപനം എന്നിവ പട്ടികജാതി-പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും നിർവഹിച്ചു.
2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നീ കലാ പുരസ്കാരങ്ങൾ ഇരു മന്ത്രിമാരും ചേർന്ന് വിതരണം ചെയ്തു. സംസ്ഥാന കഥകളി പുരസ്കാരം കഥകളി ആചാര്യൻമാരായ വാഴേങ്കട വിജയൻ (2019), സദനം ബാലകൃഷ്ണൻ ( 2020) എന്നിവർ ഏറ്റുവാങ്ങി. പല്ലാവൂർ അപ്പുമാരാർ പുരസ്കാരം മച്ചാട് രാമകൃഷ്ണൻ നായർ (2019), കിഴക്കൂട്ട് അനിയൻ മാരാർ (2020) എന്നിവരും നൃത്ത-നാട്യ പുരസ്കാരം ദമ്പതികളായ വി പി ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ (2019) എന്നിവർക്ക് വേണ്ടി ശിഷ്യരും, കലാമണ്ഡലം വിമലാമേനോനും (2020) സ്വീകരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ആറ് കുടുംബങ്ങൾക്ക് താമസിക്കാവുന്ന തരത്തിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സുകൾ അടങ്ങുന്ന കെട്ടിട സമുച്ചയമാണ് കലാമണ്ഡലം ജീവനക്കാർക്കായി നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പിഡബ്ല്യുഡിയാണ് രണ്ടു കോടി നിർമാണ ചെലവിൽ കെട്ടിട സമുച്ചയം പണിതത്. മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 9,70,000 രൂപ ചെലവിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം നടന്നത്. 20 ലക്ഷം രൂപയുടേതാണ് പുതിയ നൃത്തക്കളരി. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി കോവിഡ് സാഹചര്യത്തിൽ കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ നടത്തുകയായിരുന്നു. ചടങ്ങിൽ വൈസ് ചാൻസിലർ ടി കെ നാരായണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, ഭരണസമിതി അംഗങ്ങളായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ കലാമണ്ഡലം ഗോപി, ഡോ. എൻ ആർ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ഉഷ നങ്യാർ, കെ രവീന്ദ്രനാഥ്, ടി കെ വാസു, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.