സെപറ്റംബര്‍ 10, 11 തീയതികളിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ ക്ഷേത്രത്തിനകത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂജാ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കൊറോണ കോര്‍ കമ്മിറ്റി യോഗ അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിനകത്ത് മാത്രം, അനുവദനീയമായ എണ്ണം ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനാണ് അനുമതി. ഘോഷയാത്ര ഒഴിവാക്കേണ്ടതും ചടങ്ങിന്റെ ഭാഗമായുള്ള യാത്ര പരമാവധി പത്ത് പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്താവുന്നതുമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി, എ.ഡി.എം എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു.
