മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ബുധനാഴ്ച (2021 സെപ്തംബര്‍ 01) 3,099 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.74 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതിനിടെ ജില്ലക്ക് ആശ്വാസമായി 2,540 പേര്‍ ബുധനാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 4,66,605 പേരായി.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ബുധനാഴ്ച വൈറസ്ബാധിതരായവരില്‍ 2,980 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 32 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. 75,157 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,238 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 822 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 399 പേരും 104 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 223 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 പേരാണ് ജില്ലയില്‍ മരിച്ചത്.