വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്‌സ് സ്‌പോണ്‍സര്‍ ചെയ്ത പുസ്തകങ്ങള്‍ മന്ത്രിയില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായര്‍, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്തംഗം ലിസമ്മ ബേബി, എഡിസി (ജനറല്‍) പി. എസ് ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 11 ബ്ലോക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് പുസ്തക വണ്ടി സ്‌പോട്ട് ക്വിസ് നടത്തുന്നത്. പള്ളം ബ്ലോക്ക് പരിധിയിലെ വടവാതൂര്‍ ഗവ.ഹൈസ്‌കൂള്‍, പാമ്പാടി ബ്ലോക്കിലെ പൊന്‍കുന്നം വര്‍ക്കി മെമ്മൊറിയല്‍ സ്‌കൂള്‍, മുത്തോലി ആശ്രമം ഗവ.എല്‍.പി സ്‌കൂള്‍ (ളാലം ബ്ലോക്ക്), തിടനാട് ജി.വി എച്ച്.എസ്.എസില്‍ (ഈരാറ്റുപേട്ട ബ്ലോക്ക്) എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന പുസ്തകവണ്ടി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഡിസി ബുക്‌സ്, ഗ്രാമവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. അതത് ബ്ലോക്കുകളിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പിആര്‍ഡി പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രദര്‍ശനവും വിതരണവും ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന 1956 മുതല്‍ 1994 വരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചിരുന്ന മലയാള പാഠാവലിയും ഉപ പാഠാവലി പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായി നടക്കും. ജൂലൈ 2ന് ഏറ്റുമാനൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഗവ. യു.പി സ്‌കൂള്‍ വെമ്പള്ളി, ഗവ.വി.എച്ച്.എസ്.എസ്. കടുത്തുരുത്തി, ഗവ.യു.പി സ്‌കൂള്‍ ഉദയനാപുരം, ജൂലൈ 3ന് കാഞ്ഞിരപ്പള്ളി പേട്ട ഗവ.എച്ച്.എസ്.എസ്, വാഴൂര്‍ ഗവ. ഹൈസ്‌കൂള്‍ കൊടുങ്ങൂര്‍, സി.എസ്.യു.പി സ്‌കൂള്‍ മാടപ്പള്ളി എന്നീ സ്‌കൂളുകളില്‍ പര്യടനം നടത്തും.