സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് മുടങ്ങിക്കിടന്ന ചേര്‍പ്പുങ്കല്‍ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും കരാറുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

കരാറുകാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ച് എസ്റ്റിമേറ്റില്‍ മാറ്റം വരുത്താതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കല്‍ പള്ളിയിലേയ്ക്കുള്ള വഴിയിലാണ് പാലം. നിലവില്‍ ഒറ്റവരി പാലമാണുള്ളത്.

ആശുപത്രികൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ തിരക്ക് വര്‍ധിക്കുകയും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് മറ്റു വാഹനങ്ങള്‍ പാലത്തില്‍ കടക്കാതെ നിര്‍ത്തിയിടേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു.

പുതിയ പാലം വരുന്നതോടെ യാത്രക്ലേശം പരിഹരിക്കപ്പെടും.സാങ്കേതിക തടസങ്ങള്‍ ഒഴിവായ സാഹചര്യത്തില്‍ അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി.