പത്തനംതിട്ട: ജീവിതശൈലീ രോഗം കുറച്ച് പ്രതിരോധം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി വിഷരഹിത മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങള്‍ ലഭ്യമാകണം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 2017-18 ബ്ല്യൂ റവല്യൂഷന്‍ പദ്ധതിയായ റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) മത്സ്യകൃഷി വിളവെടുപ്പിന്റെ ആറന്മുള മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അസാധാരണമായ ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വച്ചത് ഓരോ വീടും സ്വയംപര്യാപ്തതയില്‍ എത്തുക എന്നതാണ്. മുന്‍പ് ഉണ്ടായിരുന്ന മത്സ്യകൃഷിയുടെ ഇരട്ടി ഉത്പാദനമാണ് ഇപ്പോഴുള്ളത്. ആറന്മുള മണ്ഡലത്തിലെ പന്നിവേലിച്ചിറ ഹാച്ചറി കേരളത്തിലെ തന്നെ രണ്ടാമത്തേതാണ്. ഇതില്‍ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഹാച്ചറി മെച്ചപ്പെട്ട നിലയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. മറ്റ് ജില്ലകളിലെ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടും. കൂടുതല്‍ മത്സ്യ കര്‍ഷകര്‍ വളര്‍ന്നു വരണം. വിഷരഹിത മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങള്‍ ലഭ്യമാകണം.

ഓരോരുത്തരും സ്വയം പര്യാപ്തമാകണം. ഒപ്പം ആരോഗ്യവും ശ്രദ്ധിക്കണം. കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങളാണ് കണ്ടെത്തിയത്. അതിവേഗ വ്യാപനശേഷിയാണ് ഇതിനുള്ളത്. രോഗത്തെ ചെറുക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇതിനായി വിഷരഹിത ആഹാരശൈലി ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും മികച്ച മത്സ്യകൃഷി യൂണിറ്റുകള്‍ കണ്ടെത്തി ഉദ്ഘാടനം ചെയ്തു വരുന്നുണ്ട്.

തിരുവല്ല മത്സ്യഭവന്‍ പരിധിയില്‍ വരുന്ന തോട്ടപ്പുഴശേരി പഞ്ചായത്തിലെ തെരഞ്ഞെടുത്ത യൂണിറ്റായ കാഞ്ഞിരത്തുംമൂട്ടില്‍ ജേക്കബ് ഫിലിപ്പ് എന്ന കര്‍ഷകന്റെ മത്സ്യകൃഷി വിളവെടുപ്പാണ് മന്ത്രി നിര്‍വഹിച്ചത്. പരിമിതമായ സൗകര്യങ്ങളില്‍ മത്സ്യകൃഷിയോടൊപ്പം സാധാരണമല്ലാത്ത സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജലം പാഴാക്കാതെ റിസൈക്കിള്‍ ചെയ്ത് മത്സ്യകൃഷിക്കും മറ്റ് കൃഷികള്‍ക്കുമായി വിനിയോഗിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സാറാ തോമസ്, കോയിപ്രം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എല്‍സി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ രശ്മി ആര്‍. നായര്‍, ബിജിലി പി. ഈശോ, സെക്രട്ടറി ടി.ജി. പ്രദീപ്, ജില്ലാ ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍, തിരുവല്ല മത്സ്യഭവന്‍ ഓഫീസര്‍ ജെ. ശ്രീകുമാര്‍, പത്തനംതിട്ട മത്സ്യഭവന്‍ ഓഫീസര്‍ വി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.