ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വേഫ്‌സ് കോഴ്‌സിന്റെ പരീശീലനത്തിന് +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർകോട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് കോഴ്‌സ്. 130 സീറ്റുകളുണ്ട്. ഇതിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും. അപേക്ഷകർക്ക് 2021 ഡിസംബർ 31ന് 17 തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

ആശാവർക്കർമാർക്ക് രണ്ട് സീറ്റും പാരാമിലിറ്ററി/ എക്‌സ്പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം 14ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം.

വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസ്, മേൽ സൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തി ദിവസം ലഭിക്കും.