ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും
 
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള മൂന്നാമത്തെ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനം ജില്ലാ ആശുപത്രിയില്‍ നാളെ ( സെപ്റ്റംബര്‍ 8) പ്രവര്‍ത്തനമാരംഭിക്കും. സ്‌കാനിംഗ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വൈകീട്ട് നാലിന് ശേഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമാകുന്ന സ്‌കാനിംഗ് യൂണിറ്റ് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. സ്‌കാനിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
 
സാധാരണക്കാര്‍ക്ക് ഇനി മുതല്‍ കുറഞ്ഞ ചെലവില്‍ സ്‌കാനിംഗ്
 
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സ്‌കാനിംഗ് സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. 1.5 ടെസ്‌ല സ്‌പെസിഫിക്കേഷനുള്ള യൂണിറ്റാണ് ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. ഓരോ ശരീര ഭാഗങ്ങള്‍ക്കും പ്രത്യേകമായി സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. ഇതു മൂലം മറ്റു ജില്ലകളേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കാതെ ചികിത്സാ നടത്താം. പക്ഷാഘാതത്തിനുള്ള ചികിത്സയ്ക്കും ഇത് സൗകര്യപ്രദമാണ്. ആരോഗ്യകിരണം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയുള്ളവര്‍ക്ക് സൗജന്യമായി സ്‌കാന്‍ ചെയ്യാം. ഇത്തരം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് മൂന്നില്‍ ഒന്നു മുതല്‍ പകുതി ചിലവില്‍ വരെ സ്‌കാന്‍ ചെയ്യാം.
 
എം.ആര്‍.ഐ സ്‌കാനിംഗ് ഉള്ള മൂന്നാമത്തെ ആശുപത്രി
 
ആരോഗ്യവകുപ്പിനു കീഴിലുള്ള മൂന്നാമത്തെ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനമാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. നിലവില്‍ കൊല്ലം, എറണാകുളം ജില്ലാ ആശുപത്രികളില്‍ മാത്രമാണ് എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനമുള്ളത്. സ്വകാര്യമേഖലയെ ആശ്രയിക്കുമ്പോള്‍ ഉയര്‍ന്ന ചാര്‍ജ്ജും തൊട്ടടുത്ത സര്‍ക്കാര്‍ സംവിധാനമായ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സമയനഷ്ടവും സാധാരണക്കാരായ രോഗികളെ വളരെയധികം മോശമായി ബാധിക്കുന്ന സാഹചര്യം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാനിംഗ് യൂണിറ്റ് എന്ന് ആശയമുണ്ടായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ നിന്നും 2019 ല്‍ പ്രപ്പോസല്‍ നല്‍കി. തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി 7.5 ലക്ഷം രൂപയ്ക്ക് മെഷീന്‍ വാങ്ങാന്‍ തീരുമാനിച്ചു. എം.ആര്‍.ഐ സ്‌കാന്‍ കമ്പനിയായ സീമെന്‍സാണ് യൂണിറ്റ് പൂര്‍ണ സജ്ജമാക്കി ജില്ലാ ആശുപത്രിക്ക് കൈമാറിയത്. ജൂലായില്‍ ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തനസജ്ജ്മാക്കി. രണ്ടു ലക്ഷം രൂപയുടെ സിവില്‍ വര്‍ക്കുകള്‍ ജില്ലാ പഞ്ചായത്താണ് നടത്തിയിരിക്കുന്നത്. സീമെന്‍സിന്റെ ഏറ്റവും നൂതനമായ മെഷീനാണ് ജില്ലാശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഓരോ ഭാഗവും സ്‌കാന്‍ ചെയ്യുന്നതിനുള്ള ഡെഡിക്കേറ്റഡ് കോയിലുകളുള്ളതിനാല്‍ കൂടുതല്‍ മികച്ച ക്ലാരിറ്റി ലഭിക്കുകയും സ്‌കാന്‍ ചെയ്യുന്നതിനു സമയം കുറയുകയും ചെയ്യും. കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ ചെയ്യാന്‍ കഴിയാത്ത ബ്രാക്കിയല്‍ പ്ലക്‌സസ്, അബ്‌ഡോമന്‍, എം.ആര്‍.സി.പി, ടി.ഒ.എഫ് ആന്‍ജിയോ, കാര്‍ഡിയാക് എം.ആര്‍.ഐ, എം.ആര്‍ മാമ്മോഗ്രാം, എം.ആര്‍ യൂറോഗ്രാം, ഫംഗ്ഷണല്‍ എം.ആര്‍.ഐ എന്നീ പരിശോധനകളും ഇവിടെ ചെയ്യാന്‍ കഴിയും.
 
മൈക്രോ ഡിബ്രേഡര്‍, ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് ഉദ്ഘാടനം നാളെ
 
മൈക്രോ ഡിബ്രേഡര്‍, ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് എന്നിയുടെ ഓദ്യോഗിക ഉദ്ഘാടനവും ഇതൊടൊപ്പം നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ബ്ലാക്ക് ഫംഗസ് ബാധിക്കപ്പെട്ട ശരീരകോശങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ഉപകരണമാണ് മൈക്രോ ഡിബ്രേഡര്‍. അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള ഉപകരണമാണ് ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍.
 
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ ആശുപത്രി റേഡിയോളജി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപീകൃഷ്ണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ നാസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
 
ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന എം.ആര്‍.ഐ സ്‌കാനിംഗ് യൂണിറ്റിലെ സ്‌കാനിംഗ് , ജില്ലാ ആശുപത്രിയിലെ നിരക്ക്, സ്വകാര്യ സ്ഥാപനങ്ങളിലെ നിരക്ക് എന്നിവ ക്രമത്തില്‍:
 
എം.ആര്‍.ഐ ബ്രെയിന്‍, 2200, 4100
 
എം.ആര്‍.ഐ ബ്രെയിന്‍ സ്‌ട്രോക്ക് സ്‌ക്രീനിംഗ്, 1200, 7500
 
ബ്രെയിന്‍, സ്‌പൈന്‍, 4000, 8600
 
എം.ആര്‍.ഐ ഓഫ് സ്‌പൈന്‍, 3000, 7500
 
ഹോള്‍ സ്‌പൈന്‍ സ്‌ക്രീനിംഗ്, 2000, 6100
 
ക്ലെവിക്കല്‍ സ്‌പൈന്‍, ല്യൂംബാര്‍ സ്‌പൈന്‍, ഡോര്‍സല്‍ സ്‌പൈന്‍ വിത്ത് ഹോള്‍ സ്‌പൈന്‍ ക്ലീനിംഗ്, 4000, 8600
 
എക്‌സ്ട്രീമിറ്റീസ്, 3000, 7500
 
ബ്രാക്കിയല്‍ പ്ലക്‌സസ്, 3000, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
അബ്‌ഡോമന്‍, 3300, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
പെല്‍വിസ്, 3300, 7500
 
എം.ആര്‍.സി.പി, 3300, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
കോണ്‍ട്രാസ്റ്റ് ആന്‍ജിയോ, 3000, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
ടോഫ് ആന്‍ജിയോ, 1000, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
മാമോ, 3000, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
കാര്‍ഡിയാക്, 4500, ജില്ലയില്‍ സ്വകാര്യ മേഖലയില്‍ സൗകര്യമില്ല
 
ഫിസ്റ്റുലോഗ്രാം, 3000, 7100
 
യൂറോ, 3000, ജില്ലയില്‍ സ്വകാര്യമേഖലയില്‍ സൗകര്യമില്ല
 
നെക്ക്, 3000, ജില്ലയില്‍ സ്വകാര്യമേഖലയില്‍ സൗകര്യമില്ല
 
അഡീഷണല്‍ കോണ്‍ട്രാസ്റ്റ് ചാര്‍ജ്ജസ്, 1000, 2000
 
അഡീഷണല്‍ സ്‌ക്രീനിംഗ് ചാര്‍ജ്ജസ്, 1500, 4100