അതിർത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം തടയാൻ മുഴുവൻ ബാലാവകാശ കർത്തവ്യ വാഹകരും ഒറ്റക്കെട്ടായി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലയിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സിൽ നടന്ന യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തി മേഖലയിലെ സൗകര്യം മുതലെടുത്ത് പ്രദേശത്ത് ബാല വിവാഹങ്ങൾ നടക്കുന്നത് തടയാൻ റിപ്പോർട്ടിംഗ് ശക്തമാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ ബാല വേലയ്ക്ക് നിർബന്ധിക്കപ്പെടുന്നത് തടയാൻ കൃത്യമായ നിരീക്ഷണ സംവിധാനം വേണം. ബോധവത്ക്കരണ ക്യാമ്പുകൾ ശക്തമാക്കി ബ്ലോക്ക് -വില്ലേജ് തലത്തിൽ ശിശു സംരക്ഷണ സമിതികൾ സജീവമായാൽ കുട്ടികൾക്കെതിരായ കുറ്റ കൃത്യങ്ങൾ കുറയ്ക്കാൻ സാധിക്കും.
മയക്ക് മരുന്നുമായി പിടിയിലാവുന്ന കുട്ടി കുറ്റവാളികൾക്ക് എതിരെ കേസ് എടുക്കാൻ എക്സൈസിനും അധികാരം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഈ നിർദേശം സർക്കാരിനും കൈമാറിയിട്ടുണ്ട്. അതിർത്തിയിലെ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ബാലാവകാശ സംരക്ഷണ കർത്തവ്യ വാഹകരുടെ സമിതി സ്ഥിരം സംവിധാനമായി നിലനിർത്തണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
കൊല്ലംക്കോട്, ചിറ്റൂർ, മീനാക്ഷിപുരം സ്റ്റേഷൻ ഓഫീസർമാർ, വിദ്യാഭ്യാസം, ട്രൈബൽ എക്സ്റ്റൻഷൻ, ഐ.സി.ഡിഎസ്, സി. ഡബ്ല്യൂ. സി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
കമ്മീഷൻ അംഗവും സി. വിജയകുമാർ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, സി.ഡബ്ല്യൂ.സി ചെയർമാൻ മറിയ ജെറാൾഡ്,എന്നിവർ സംസാരിച്ചു.