പാലക്കാട്‌ :സംസ്ഥാനത്ത് ടൂറിസം മേഖലയിലെ പുത്തന്‍ ചുവടുവെയ്പ്പായി ഷൊര്‍ണൂരില്‍ മെറ്റല്‍ ഇക്കോ പാര്‍ക്ക് വരുന്നു. ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ കോമ്പൗണ്ടിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പ് ഇത്തരമൊരു വിനോദ കേന്ദ്രം വിഭാവനം ചെയ്യുന്നത്. പദ്ധതിയ്ക്കായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് അഞ്ച് ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. ഏകദേശം അഞ്ച് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കോണ്‍ക്രീറ്റ് പരമാവധി ഒഴിവാക്കി മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.

ഷൊര്‍ണൂരില്‍ പാര്‍ക്ക് വരുന്നതോടെ പാലക്കാടിന് പുറമേ തൃശൂര്‍, മലപ്പുറം ജില്ലകളിലുള്ളര്‍ക്കും പുതിയൊരു വിനോദ കേന്ദ്രമാകും.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സമയം ചിലവഴിക്കാനും ഇവിടെയെത്താം. കുട്ടികള്‍ക്കുള്ള പാര്‍ക്ക്,  പാര്‍ക്കിംഗ്, ടോയ്ലറ്റ് ബ്ലോക്ക്, റെയിന്‍ ഷെഡ്, കുടിവെള്ള സൗകര്യം, ടിക്കറ്റ് കൗണ്ടര്‍ എന്നിവയും പാര്‍ക്കില്‍ ഒരുക്കും. പ്രാഥമിക നടപടികളുടെ ഭാഗമായി പി.മമ്മിക്കുട്ടി എം.എല്‍.എ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചതായി ഡി.ടി പി സി സെക്രട്ടറി കെ.ജി അജേഷ് പറഞ്ഞു.