പാലക്കാട്‌: ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ചേര്‍ന്നു. ഉപസമിതി കണ്‍വീനര്‍ പി.നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ തൊഴിലാളി പ്രതിനിധികള്‍, മാനേജ്‌മെന്റ്, ട്രേഡ് യൂണിയനുകള്‍ എന്നിവരില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചു. സംസ്ഥാനത്തൊട്ടാകെ നടത്തുന്ന തെളിവെടുപ്പ് യോഗങ്ങളിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് മിനിമം വേതനം ക്രമീകരിക്കുകയെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. യോഗത്തിന് ശേഷം ഉപസമിതി അംഗങ്ങള്‍ കഞ്ചിക്കോട് ഇരുമ്പുരുക്ക് ടി എം ടി സ്ഥാപനമായ ഗാഷ സ്റ്റീല്‍സ് സന്ദര്‍ശിച്ചു.

പുതുശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉപ സമിതി അംഗങ്ങളായ മുന്‍ എം.പി സി എസ് സുജാത, മുന്‍ എംഎല്‍എ എന്‍. കെ കണ്ണന്‍,  സുന്ദരന്‍ കുന്നപ്പള്ളി, സ്റ്റീല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് ഷാഫി,  ഇരുമ്പുരുക്ക് വ്യവസായി  ബി. രാധാകൃഷ്ണന്‍, സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ബി രാജു, പുതുശ്ശേരി ഡിവിഷന്‍ സെക്രട്ടറി സുരേഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് കെ എം സുനില്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.