മലപ്പുറം:പതിനെട്ട് വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി ചുങ്കത്തറ പഞ്ചായത്തിന്റെ അനുകരണീയ മാതൃക. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് 20 വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തിയത്. 33 ഗോത്ര വര്‍ഗ കോളനികളുള്ള പഞ്ചായത്തായിട്ടും പരിമിതികളെ മറികടന്ന് നേട്ടം കൈവരിക്കുകയായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍. ചുങ്കത്തറ പഞ്ചായത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 33,500 ആണ് ജനസംഖ്യ. ഇതില്‍ 31,000 ആളുകള്‍ക്കും ആദ്യഡോസ് വാക്സീന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ പറഞ്ഞു.

കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലാല്‍ പരമേശ്വരന്‍, കോട്ടേപ്പാടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആസിയ സുഹാന എന്നിവരുടെ നേത്യത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചാണ് സമ്പൂര്‍ണ ആദ്യഡോസ് വാക്സീനേഷന്‍ കൈവരിച്ചത്. പള്ളിക്കുത്ത്, കാട്ടിലപ്പാടം, വളയനൊടി, കൊന്നമണ്ണ, വെള്ളാമ്പാടം, പെരുമ്പിലാട്, കുന്നത്ത്, മുണ്ടപ്പാടം, സുല്‍ത്താന്‍പടി, തുടങ്ങി 33 ട്രൈബല്‍ കോളനികളുണ്ട് ചുങ്കത്തറ പഞ്ചായത്തില്‍. ഇവിടങ്ങളിലെല്ലാം ക്യാമ്പ് സംഘടിപ്പിച്ച് വാക്സീനേഷന്‍ നടത്തുകയായിരുന്നു. ക്യാമ്പുകളിലേക്ക് എത്താത്തവര്‍ക്ക് കോളനികളില്‍ പോയും കിടപ്പുരോഗികള്‍ക്ക് അവരവരുടെ വീടുകളിലെത്തിയും ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സീന്‍ നല്‍കിയിരുന്നു. മെഗാ വാക്സീനേഷന്‍ ക്യാമ്പുകളോടനുബന്ധിച്ച് ഭക്ഷണ വിതരണവും പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് നടത്തി. ഇത്തരത്തില്‍ 1,038 പേരെ പങ്കെടുപ്പിച്ച് ജില്ലയില്‍ തന്നെ ആദ്യ വാക്സീനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത് ചുങ്കത്തറയിലാണ്.

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ അനുവദിച്ച പഞ്ചായത്ത് രണ്ടാം ഘട്ടത്തില്‍ 10 ലക്ഷം രൂപ കൂടി നീക്കിവച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവര്‍ക്കും വിമുഖതയുള്ളവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം രണ്ടാം ഡോസ് നല്‍കുന്നതിനുള്ള നടപടികളും പഞ്ചായത്തില്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈന മാമ്പള്ളി, സ്ഥിരം സമിതി അധ്യക്ഷരായ റീന ടീച്ചര്‍, ബിന്ദു സത്യന്‍, എം.ആര്‍ ജയചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.