പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാതൃകയാകുന്നു. സ്വന്തമായി സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം അധിക വൈദ്യുതി, വൈദ്യുതി ബോർഡിന് നൽകുന്നുമുണ്ട്.  ഓഫീസിലെ ലൈറ്റുകൾ, ഫാനുകൾ, എ.സികൾ, എൽ.ഇ.ഡി വിളക്കുകൾ, ടിവികൾ, സി.സി.ടി.വി മ്യൂസിക് സിസ്റ്റം മുതലായവയെല്ലാം ബ്‌ളോക്ക് ഓഫീസിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള 60 സൗരോർജ്ജ പാനലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

ദിവസേന 60 യൂണിറ്റ് കറണ്ട്  ഇവിടെ  ഉല്പാദിപ്പിക്കുന്നു.  ഓഫീസ് ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് അഞ്ചു രൂപ നിരക്കിൽ വൈദ്യുതി ബോർഡ് വാങ്ങുന്നു.   കഴിഞ്ഞവർഷം 60,000 രൂപയാണ് ഈയിനത്തിൽ ബ്ലോക്ക് ഓഫീസിന് ലഭിച്ചത്.

സ്വന്തമായി ഊർജം ഉൽപാദിപ്പിക്കുകയും പൊതുജനാവശ്യത്തിനായി വൈദ്യുതി ബോർഡിന് കൈമാറുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്. 3 അംഗീകാരവും ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞമാസം ഉദ്ഘാടനം കഴിഞ്ഞ കോൺഫറൻസ് ഹാളും പൂർണമായും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.