വ്യവസായ സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മലപ്പുറത്ത് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ വ്യവസായം ആരംഭിക്കല്‍, നടത്തിപ്പ്, അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നിയമപരമായ സംവിധാനമാണ് പ്രാബല്യത്തില്‍ വന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അഞ്ചു കോടിവരെ മുതല്‍ മുടക്കിയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതി പരിഗണിക്കും. ജില്ലാകലക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, നഗരകാര്യ റീജ്യനല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കലക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് ജില്ലാ പരാതി പരിഹാര സമിതി അംഗങ്ങള്‍.
പരാതി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാതല സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജില്ലാതല സമിതിയ്ക്ക് 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കാനായില്ലെങ്കില്‍ സംസ്ഥാന തല സമിതിയ്ക്ക് അപ്പീല്‍ നല്‍കാം. ഓരോ മാസവും ആദ്യ പ്രവൃത്തി ദിവസം സമിതി യോഗം ചേരും. അഞ്ച് കോടിയ്ക്ക് മുകളില്‍ മൂലധന നിക്ഷേപമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന തല സമിതിയ്ക്ക് നേരിട്ട് നല്‍കാം.
വ്യവസായ വകുപ്പിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ചുമതലയുള്ള സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, ലേബര്‍ കമ്മീഷണര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, ഫാക്ടറികളും ബോയിലറുകളും വകുപ്പ് ഡയറക്ടര്‍, വ്യവസായ ഡയറക്ടര്‍, ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യുന്ന വകുപ്പ് സെക്രട്ടറിയോ ഡയറക്ടറോ എന്നിവരാണ് സംസ്ഥാന തല സമിതി അംഗങ്ങള്‍. ചെയര്‍മാനെയും കണ്‍വീനറെയും സര്‍ക്കാര്‍ തീരുമാനിക്കും.
സംസ്ഥാന തല സമിതിയ്ക്ക് ലഭിക്കുന്ന പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണ് നിബന്ധന. 15 ദിവസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തിന് 250 രൂപ എന്ന നിരക്കില്‍ 10000 രൂപയില്‍ കവിയാത്ത പിഴ ചുമത്തും. വകുപ്പ് തല നടപടിയ്ക്കും ശുപാര്‍ശ ചെയ്യും. സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ അധികാരം നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനത്തിനുള്ളതിനാല്‍ രേഖകള്‍, പ്രമാണങ്ങള്‍ കണ്ടെത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും സാക്ഷികളെ വിസ്തരിക്കുന്നതിനും സാധിക്കും.
ഒരാഴ്ചക്കുള്ളില്‍ തന്നെ ജില്ലാതല, സംസ്ഥാന തല സമിതികള്‍ രൂപീകരിക്കുമെന്നും സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ നിലവിലെ സ്ഥിതി അറിയുന്നതിന് ഡാഷ്ബോര്‍ഡ് സംവിധാനം സഹായകരമാണ്. ഇതു നല്ലനിലയില്‍ തുടരും. സെപ്തംബര്‍ 15 (ബുധന്‍) മുതല്‍ മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി തുടങ്ങും. മികച്ച പ്രൊജക്ടുകള്‍ വ്യവസായ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും.
തുടര്‍ സഹായം നല്‍കുന്നതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയ്ക്ക് എല്ലാ ജില്ലകളിലും മികച്ച പ്രതികരണമാണുണ്ടായത്. മലപ്പുറത്ത് ഒന്‍പതാമതായാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നല്ല നിലയിലാണ് പരിപാടി പൂര്‍ത്തീകരിച്ചത്. എം.എല്‍.എമാരുമായി കൂടിയാലോചന നടത്തുമെന്നും മലപ്പുറത്തെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി വെള്ളിയാഴ്ച അവലോകനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എം മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.