പി.പി സുമോദ് എം.എല്.എയുടെ നേതൃത്വത്തില് തരൂര് നിയോജകമണ്ഡലത്തില് നടത്തിയ പരാതി പരാഹാര പരിപാടിയില് 217 പരാതികള്ക്ക് തീര്പ്പായി. മണ്ഡലത്തിലെ മുഴുവന് പഞ്ചായത്തുകളിലും പൊതുജനങ്ങളുടെ പരാതികള് നേരിട്ടു കേള്ക്കാന് അതത് പഞ്ചായത്ത് കേന്ദ്രങ്ങളില് നടത്തിയ പരിപാടിയില് 936 പരാതികള് വന്നു. ഇതില് നിന്നാണ് 217 പരാതികള്ക്ക് പരിഹാരമായത്. മറ്റു പരാതികള് കൃത്യമായി പരിശോധിച്ച ശേഷം പരിഹാരമാക്കാന് കഴിയുന്നവ ഉടന് തീര്പ്പാക്കും. സെപ്തംബര് നാലിന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ‘നമ്മളോടൊപ്പം എം.എല്.എ’ പരിപാടി ആരംഭിച്ചത്. കണ്ണമ്പ്ര പഞ്ചായത്ത്(സെപ്തംബര് 07), കാവശ്ശേരി (സെപ്തംബര് 09), തരൂര്(സെപ്തംബര് 10), കോട്ടായി(സെപ്തംബര് 13), പുതുക്കോട് (സെപ്തംബര് 14) പെരിങ്ങോട്ടുകുറുശ്ശി (സെപ്തംബര് 15), കുത്തനൂര്(സെപ്തംബര് 16) പഞ്ചായത്തുകളിലും എം.എല്.എ നേരിട്ടെത്തി പൊതുജനങ്ങളില് നിന്നും പരാതികള് സ്വീകരിച്ചു.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തില് നിന്നും 88 പരാതികളാണ് ലഭിച്ചത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് 186, കാവശ്ശേരി 95, തരൂര് 95, കോട്ടായി 68, പുതുക്കോട് 106, പെരിങ്ങോട്ടുകുറിശ്ശി 178, കുത്തനൂര് 120 പരാതികളും ലഭിച്ചു. പരാതികളുടെ സ്വഭാവമനുസരിച്ച് മുഖ്യമന്ത്രിക്കും, മറ്റ് വകുപ്പ് മന്ത്രിമാര്ക്കും, എം.എല്.എ മാര്ക്കുമുള്ള പരാതികളും നിവേദനങ്ങളും എം.എല്.എക്ക് നേരിട്ട് സമര്പ്പിക്കാവുന്ന രീതിയിലാണ് മണ്ഡലത്തില് പരിപാടി സംഘടിപ്പിച്ചത്.
റേഷന് കാര്ഡ്, പട്ടയം, ചികിത്സാ ധനസഹായം, പെന്ഷന്, ജോലി, റോഡ്, മാലിന്യസംസ്‌കരണം, വഴിവിളക്കുകള്, വീട്, കായികം, പഠനോപകരണം, കുടിവെള്ളം, കൃഷി, റവന്യു, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള പരാതികളും അപേക്ഷകളാണ് ലഭിച്ചത്. അതാത് പഞ്ചായത്തിലെ പരിപാടികളില് പഞ്ചായത്ത് പ്രസിഡണ്ടുമാര്, വാര്ഡ് മെമ്പര്മാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.