നിലമ്പൂര്‍ താലൂക്കിലെ വഴിക്കടവ്-എടക്കര പഞ്ചായത്തുകളിലായി അഞ്ച് ചെറിയ പാലങ്ങള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നടപടികള്‍ ആരംഭിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കലക്കന്‍ പുഴയ്ക്കും കാരക്കോടന്‍ പുഴയ്ക്കും കുറുകെയാണ് പാലങ്ങള്‍ നിര്‍മിക്കുവാന്‍ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വഴിക്കടവ് പഞ്ചായത്തില്‍ കാരക്കോട് സ്‌കൂളിന് സമീപം കാരക്കോട് – വെള്ളക്കട്ട പാലം, കലക്കന്‍ പുഴക്ക് കുറുകെ നരിവാലമുണ്ട പൂവത്തിക്കടവ് – നാരോക്കാവ് രണ്ടാംപടി പാലം, കാരക്കോടന്‍ പുഴക്ക് കുറുകെ മണിമൂളി പാലം, കലക്കന്‍ പുഴക്ക് കുറുകെ കവളപൊയ്ക പാലം, ശങ്കരംകുളം – മൊടപൊയ്ക പാലം എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. റിപ്പോര്‍ട്ട് ലഭ്യമാകുന്നതിന് അനുസൃതമായി അടുത്ത ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പാലങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാവും. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും വേഗത്തില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.