കൊല്ലം :കോവിഡ് കാലത്ത് പോലീസിനൊപ്പം സേവന സന്നദ്ധരാകാന്‍ എസ്.പി.സിക്ക് കഴിഞ്ഞെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കണ്ണനല്ലൂര്‍ എം.കെ.എല്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.പി.സി പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എസ്.പി.സിയുടെ ഭാഗമാകുന്നത്തോടെ കുട്ടികളില്‍ സേവന മനോഭാവം വര്‍ധിക്കും. ഇവര്‍ സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുമായി ബന്ധപ്പെട്ട് 100 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്ണനല്ലൂര്‍ എം.കെ.എല്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതിയതായി എസ്.പി.സി യൂണിറ്റും ഓഫീസും അനുവദിച്ചത്.
പി.സി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷനായി. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍പദ്ധതി വിശദീകരണം നടത്തി. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് എല്‍.ജലജകുമാരി, ഗ്രാമപഞ്ചായത്ത് അംഗം സജാദ് സലിം, സ്‌കൂള്‍ രക്ഷാധികാരി ഡോ.പി.എ അബ്ദുല്‍ മജീദ് ലബ്ബ, മാനേജര്‍മാരായ പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ, ഡോ.താഹ എ.മജീദ്, പിടിഎ പ്രസിഡന്റ് ജെ.ജാഫര്‍, പ്രിന്‍സിപ്പല്‍ പി.ജയചന്ദ്രകുറുപ്പ്, ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.