വിനോദസഞ്ചാര വകുപ്പിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമി പരിസരം പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യര്‍ അക്കാദമിയിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും നവീകരണവും ഗസ്റ്റ് റൂം സൗകര്യപ്പെടുത്തലിനായുള്ള സഹായവും വിനോദസഞ്ചാര വകുപ്പിന്റെ പരിപാടികളില്‍ കൊണ്ടോട്ടിയെ കൂടി പരിഗണിക്കണമെന്നും മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ കൊണ്ടോട്ടിയെയും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മന്ത്രിക്ക് നിവേദനം നല്‍കി. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പുലിക്കോട്ടില്‍ ഹൈദരാലി, കെ.എ ജബാര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.