ആരോഗ്യ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആര്‍ദ്രകേരളം പുരസ്‌കാരം, കായകല്‍പ്പ് അവാര്‍ഡ്, ദേശീയതലത്തില്‍ നാഷണല്‍ എന്‍.ക്യു.എ.എസ് അംഗീകരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കുളള പുരസ്‌കാരങ്ങളുമാണ് സമ്മാനിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആര്‍ദ്രകേരളം പുരസ്‌കാരം ലഭിച്ച ചോക്കാട് ഗ്രാമപഞ്ചായത്തിനുളള അഞ്ച് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാംസ്ഥാനം നേടിയ ആലംകോട് ഗ്രാമപഞ്ചായത്തിനുളള മൂന്ന് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ കരുളായി ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും ട്രോഫിയും പ്രശ്‌സ്തി പത്രവും സമ്മാനിച്ചു.

ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയ ഫണ്ട്, നടപ്പാക്കിയ പദ്ധതികള്‍, നൂതന ആശയങ്ങള്‍, വിവിധ ആരോഗ്യ പരിപാടികളില്‍ കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സംഘങ്ങളാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

2019ലെ കായകല്‍പ്പ് അവാര്‍ഡിലൂടെ 50 ലക്ഷം നേടിയ പൊന്നാനി ഡബ്ലിയു.എന്‍.സിക്കുളള പുരസ്‌കാരവും കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിനുളള കായപല്‍പ്പ് അവാര്‍ഡും സമ്മാനിച്ചു. ചോക്കാട്, വഴിക്കടവ്, മൊറയൂര്‍, അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, മംഗലശ്ശേരി, എരവിമംഗലം, മുമ്മുളളി നഗര കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്കുളള എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം തുടങ്ങിയവയിലെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരത്തിന് കാരണമായത്. ഗുണനിലവാരം നിലനിര്‍ത്തുതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. എന്‍.എച്ച്.എം ഡി.പി.എം ഡോ.എ.ഷിബുലാല്‍ അധ്യക്ഷനായി. ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. ഷഹസാദ്, ക്വാളിറ്റി അഷ്വുറന്‍സ് ഓഫീസര്‍ സി.പി ഭദ്ര, ബിസിസി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, അസിസ്റ്റന്റ് ക്വാളിറ്റി ഓഫീസര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.