വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും

എറണാകുളം – കൊച്ചി കോര്‍പ്പറേഷൻ പരിധിയില്‍ വരുന്ന ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് മന്ദിരത്തിൻറെ ഉദ്ഘാടനം സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 4.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിര്‍വ്വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷൻ മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡൻ എം.പി, പി.ടി തോമസ്എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുക്കും.

85 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.എലി‍ൻറെ പ്രസരണ വിഭാഗത്തിനു കീഴില്‍ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന 15 സെൻറ് സ്ഥലത്താണ് 2200 ച.അ വിസ്തീര്‍ണമുള്ള പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കോര്‍പ്പറേഷൻ പരിധിയില്‍ സ്ഥിതി ചെയ്യുന്ന സെക്ഷൻ ഓഫീസില്‍ 28000എല്‍.ടി ഉപഭോക്താക്കളും 50 എച്ച്.ടി ഉപഭോക്താക്കളും ഉണ്ട്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് പുതിയ കെട്ടിടം ലഭ്യമായതോടെ ഉഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ ഊര്‍ജ്ജ മേഖലയുടെ സമഗ്ര വികസനവും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ്ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസിന് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ മേഖലകളിലും വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് വൈദ്യുതി വകുപ്പിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുക, പ്രസരണ നഷ്ടം കുറക്കുക, ഗുണമേന്മയുള്ള വെദ്യുതി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിറുത്തിയാണ് വൈദ്യുതി വകുപ്പിൻറെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുതിയ ഗുണഭോക്താക്കള്‍ക്ക് അപേക്ഷ തയ്യാറാക്കാൻ സഹായിക്കുന്നത് മുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നത് വരെയുള്ള നടപടികള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയും സംസ്ഥാനത്തെ മുഴുവൻ സെക്ഷൻ ഓഫീസിലും നടപ്പാക്കിയിട്ടുണ്ട്.