എറണാകുളം: എല്ലാ വിഭാഗം ജനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ സാധിച്ചത് വൈദ്യുതി ബോർഡ് പൊതുമേഖലയിൽ നിൽക്കുന്നത് കൊണ്ടാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

പുതുതായി നിർമ്മിച്ച ഗിരിനഗർ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ നയ പ്രകാരം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സമയബന്ധിതമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കേണ്ടിവരും. അതോടു കൂടി വൈദ്യുതി ചാർജ് മുൻകൂറായി അടയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക.

മറ്റ് എല്ലാ സംസ്ഥാനങ്ങളും വൈദ്യുതി ബോർഡിനെ വിഭജിച്ചു. എന്നാൽ ജനങ്ങൾക്ക് വേണ്ടിയാണ് കെഎസ്‌ഇബിയെ ഒരു കമ്പനിയായി നിലനിർത്തിയിരിക്കുന്നത്. വൈദ്യുതി ബോർഡിനെ ലാഭകരമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി 40% സബ്സിഡിയിൽ പുരപ്പുറ സോളാർ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയിലൂടെ രണ്ട് വർഷം കൊണ്ട് ഗുണഭോക്താവിന്
മുടക്ക് മുതൽ തിരികെ ലഭിക്കും. ഇത് സാധാരണക്കാരന്റെ കുടുംബ ചെലവ് കുറയ്ക്കുന്നതിന് സഹായകമാകും. കൂടാതെ കർഷകന് കൃഷിഭൂമിയിൽ പമ്പിംഗ് ഇല്ലാത്ത സമയത്തെയും മഴക്കാലത്തെയും വൈദ്യുതി ഗ്രിഡിന് നൽകാനാകും. ഇത് വഴി അധിക വരുമാനം ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു

85 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് നിര്‍മിച്ചിത്. കെ.എസ്.ഇ.ബി.എല്ലിന്റെ പ്രസരണ വിഭാഗത്തിനു കീഴില്‍ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന 15 സെൻറ് സ്ഥലത്താണ് 2200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസ്. 28000 എല്‍.ടി ഉപഭോക്താക്കളും 50 എച്ച്.ടി ഉപഭോക്താക്കളും ഈ സെക്ഷന് കീഴിൽ ഉണ്ട്.

സംസ്ഥാനത്തെ ഊര്‍ജ്ജ മേഖലയുടെ സമഗ്ര വികസനവും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസിന് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുക, പ്രസരണ നഷ്ടം കുറക്കുക, ഗുണമേന്മയുള്ള വെദ്യുതി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് വൈദ്യുതി വകുപ്പിന്റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുതിയ ഗുണഭോക്താക്കള്‍ക്ക് അപേക്ഷ തയ്യാറാക്കാൻ സഹായിക്കുന്നത് മുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നത് വരെയുള്ള നടപടികള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയും സംസ്ഥാനത്തെ മുഴുവൻ സെക്ഷൻ ഓഫീസിലും നടപ്പാക്കിയിട്ടുണ്ട്.

ടി.ജെ വിനോദ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ പി.ആർ. റെനീഷ്, മാലിനി കുറുപ്പ്, ആന്റണി പൈനുന്തറ, അഞ്ജന ടീച്ചർ, സുജ ലോനപ്പൻ , ലതിക ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജെ. ജേക്കബ്, കെ.കെ. സന്തോഷ് ബാബു, സാബു ജോർജ്, ഒ ജി ബെന്നി, സി.ജി. രാജഗോപാൽ, കെ എസ് ഇ ബി ലിമിറ്റഡ് ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐ ടി ഡയറക്ടർ രാജ്കുമാർ എസ്, മദ്ധ്യ മേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ എം.എ. ടെൻസൺ , എറണാകുളം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ക്രിസ്റ്റി കെ. എബ്രഹാം, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത ജോസ് , വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ , സംഘടനാ പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു.