കാസർകോട്: സർക്കാറിന്റെ നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി കാസർകോട് വികസന പാക്കേജിലൂടെ ആരോഗ്യ മേഖലയിൽ പൂർത്തീകരിച്ചത് 7.13 കോടി രൂപയുടെ പദ്ധതികൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സി.എസ്.എസ്.ഡിയും കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റും ഒന്നര കോടി രൂപ ചിലവിൽ പൂർത്തീകരിച്ചു കഴിഞ്ഞു. രണ്ട് കോടി രൂപ മുതൽ മുടക്കിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം ഒരുക്കിയ നൽക്കിലക്കാട് പി.എച്ച്.സി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി.

1,16,73,000 രൂപ ചെലവഴിച്ച് ടാറ്റ് ട്രസ്റ്റ് ഗവ. ആശുപത്രിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണം പൂർത്തിയായി. ഒരു കോടി ചെലവഴിച്ച് ദേലമ്പാടി പഞ്ചായത്തിലെ അഡൂർ പി.എച്ച്.സിക്കും കെട്ടിടമായി. മൊഗ്രാൽ ഗവ. യുനാനി ചികിത്സാലയത്തിന്റെ കെട്ടിടവും പൂർത്തിയായിക്കഴിഞ്ഞു.

ആരോഗ്യരംഗത്ത് പ്രവൃത്തി ഉദ്ഘാടനത്തിനൊരുങ്ങി 18.69 കോടിയുടെ പദ്ധതികൾ
ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആർദ്രം നിലവാരത്തിലേക്കുയർത്തുന്നതിനായി ഒരുങ്ങുന്നത് 18.69 കോടിയുടെ പദ്ധതികൾ. മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 3.30 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനെ ആർദ്രം നിലവാരത്തിലേക്കുയർത്താൻ ഒരു കോടി രൂപയുടെ പ്രവൃത്തി നടക്കും.

വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം, തൈക്കടപ്പുറം പി.എച്ച്.സി, ബായാർ പി.എച്ച്.സി, കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം, പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രം, പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ പി.എച്ച്.സി, ചട്ടഞ്ചാൽ പി.എച്ച്.സി, ബന്തടുക്ക പി.എച്ച്.സി, പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം, വോർക്കാടി പി.എച്ച്.സി എന്നിവയെ ആർദ്രം നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ പി.എച്ച്.സിക്ക് 2.65 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗവും എൽ.എസ്.ജി.ഡി ആന്റ് ഇ ഡബ്ല്യൂവുമാണ് നിർവ്വഹണ ഏജൻസികൾ.