സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷിതമായി നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ജി എച്ച് എസ് എസ് പീച്ചി  സ്കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്ത്   സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ കൃത്യമായ ഇടപെടലാണ് വിദ്യാലയങ്ങളിൽ കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം ഒരുക്കാൻ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ സെക്കൻ്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസിഡന്റ് ചാക്കോ അബ്രഹാം അധ്യക്ഷനായ ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു തോമസ്, അധ്യാപകർ, പഞ്ചായത്ത് മെമ്പർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.