ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീനില്‍

തിരുവനന്തപുരം: പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീന്‍ കെട്ടിടത്തിലാണ് ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നന്ദന്‍കോട് ആസ്ഥാനമായുള്ള വായന കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നത് പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റിന് 10 ലക്ഷം രൂപയാണ് സഹായമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭ്യമാണ്. മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും.

ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ഇരുമന്ത്രിമാരും ചേര്‍ന്ന് സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു, എഡിഎം ഇ. മുഹമ്മദ് സഫീര്‍ തുടങ്ങിയവരും പങ്കെടുത്തു.