തൃശൂര്‍: ജില്ലയിലെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തെത്താന്‍ കലശമല ഇക്കോ ടൂറിസം വില്ലേജ്. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതിജന്യ ടൂറിസമാണ് കലശമലയെ ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ അധീനതയിലുള്ള 2.64 ഏക്കര്‍ സ്ഥലത്താണ് കലശമല ഇക്കോ ടൂറിസം വില്ലേജ്.

2019 ഡിസംബര്‍ 27 നാണ് കലശമല ടൂറിസം കേന്ദ്രം അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു. അഗസ്ത്യമുനി തപസ് ചെയ്തിരുന്ന സ്ഥലമാണ് കലശമലയെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

കലശമല ഇക്കോടൂറിസം വില്ലേജില്‍ ആകര്‍ഷകമായ കവാടം, കുട്ടികളുടെ പാര്‍ക്ക്, ഹെര്‍ബല്‍ ഗാര്‍ഡന്‍, പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന 3 വ്യൂ പോയിന്റുകള്‍ എന്നിവ കൂടാതെ പ്രാചീന കാലത്ത് സന്യാസിമാര്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്ന നരിമടഗുഹ, പ്രകൃതിജന്യ നീര്‍ച്ചോല, പ്രാചീന ക്ഷേത്രങ്ങള്‍ എന്നിവയുമുണ്ട്. കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന കലശമലയില്‍ ഇപ്പോള്‍ ഒട്ടേറെപേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. കലശമല ഇക്കോ ടൂറിസം പദ്ധതിയില്‍ ജൈവവൈവിധ്യ പൈതൃക കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഏറ്റെടുക്കേണ്ട ഭൂമിയുടെ സ്‌കെച്ച്, അതിര്‍ത്തികള്‍, മറ്റ് അനുബന്ധ പ്രവൃത്തികള്‍ എന്നിവ അന്തിമമാക്കുന്നതിനായി സ്ഥലം എംഎല്‍എ എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കലശമലയിലെ ഡിടിപിസി സെന്ററില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. കുന്നംകുളം താലൂക്കിലെ അകതിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 4.9261 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

റോഡ് വികസനത്തിനായുള്ള 0.0910 ഹെക്ടര്‍ ഉള്‍പ്പെടെയാണിത്. അധിക ഭൂമി കൂടി ഏറ്റെടുക്കുന്നതോടെ ജില്ലയിലെ വലിയ വിനോദ സഞ്ചാര കേന്ദ്രമായി കലശമല മാറും. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ 2.40 കോടി രൂപ ചെലവിലാണ് കലശമല ഇക്കോ ടൂറിസം കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.