ഗസ്റ്റ് വാക്സ് 100 % പൂർത്തിയാക്കി

എറണാകുളം: ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് നൽകി. അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് 100 ശതമാനം കൈവരിക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. ഇതു വരെ ജില്ലയിൽ 79,197 അതിഥി തൊഴിലാളികൾ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. 4313 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ജില്ലയിൽ പുതിയതായി എത്തുന്ന തൊഴിലാളികൾക്കുള്ള വാക്സിനേഷൻ തുടരുകയാണ്. ആകെ 83510 തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചു. ജില്ലയിലെ വിവിധ തൊഴിലുടമകൾ സ്വകാര്യ ആശുപത്രികൾ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന നേരിട്ടും അതിഥി തൊഴിലാളികൾക്ക് നൽകിയ 31302 ഡോസ് ഉൾപ്പടെയാണിത്.

അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും പ്രത്യേക ഔട്ട് റീച്ച് സെൻ്ററുകൾ പ്രവർത്തിപ്പിച്ചാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സ്പോട്ട് രജിസ്ട്രേഷൻ നടത്തി. 148 ക്യാമ്പുകളാണ് വാക്സിനേഷനായി നടത്തിയത്. ചിലയിടങ്ങളിൽ തൊഴിലുടമകളുടെ നേതൃത്വത്തിലും വാക്സിൻ നൽകി.

പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വാക്സിനെടുത്തത്. 33482 തൊഴിലാളികൾ ഇവിടെ വാക്സിൻ സ്വീകരിച്ചു. മുവാറ്റുപുഴയിൽ 8894 പേരും, എറണാകുളത്ത് 16084, ആലുവയിൽ 4497, അങ്കമാലിയിൽ 4984, പറവൂരിൽ 4812 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവർ.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , തൊഴിൽ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ആദ്യ ഡോസ് വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയതെന്ന് ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് അറിയിച്ചു.

രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിൽ നടത്തിയ വിവരശേഖരണത്തിൽ കണ്ടെത്തിയത് 77991 തൊഴിലാളികളെയാണ്. ഇപ്പോൾ അതിലേറെ തൊഴിലാളികൾക്ക്
ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞു. ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് കൂടുതൽ തൊഴിലാളികൾ ജില്ലയിലേക്കെത്തിയിട്ടുണ്ട്. അവരെ കൂടി കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.